
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റും ഗാന്ധി കുടുംബത്തിന്റെ തട്ടകവുമായ റായ്ബറേലിയിൽ മത്സരിക്കണമെന്ന ബി.ജെ.പി നിർദ്ദേശം തള്ളി വരുൺ ഗാന്ധി. മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബി.ജെ.പിയുടെ നീക്കം പാളിയത്. പിലിഭിത്ത് സിറ്റിംഗ് എം.പിയായ വരുണിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ബി.ജെ.പി നേതൃത്വം റായ്ബറേലിയിൽ മത്സരിക്കാനുള്ള നിർദ്ദേശവുമായി മുന്നോട്ട് വന്നപ്പോൾ ഒരാഴ്ചത്തെ സമയമാണ് വരുൺ ചോദിച്ചത്. തുടർന്ന് മത്സരത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു.
വരുണിന്റെ അമ്മയും സുൽത്താൻപുരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ മേനകാ ഗാന്ധി 1984ൽ അമേത്തിയിൽ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. പിലിഭിത്തിൽ കോൺഗ്രസ് വിട്ടെത്തിയ ജിതിൻ പ്രസാദയാണ് ബി.ജെ.പി സ്ഥാനാർത്ഥി.