
ലാഹോർ: മുൻനിര കളിക്കാരാരുമില്ലാതെയിറങ്ങിയ ന്യൂസിലാന്റ് ടീം ടി20 പരമ്പരയിൽ പാകിസ്ഥാനെ ജന്മനാട്ടിൽ നാണംകെടുത്തി. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള മുൻനിര പാക് ടീം ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിൽ നിറഞ്ഞുനിന്ന ആരാധകവൃന്ദത്തെ പൊട്ടിക്കരച്ചിലിലെത്തിച്ചു. മൈക്കൽ ബ്രേസ്‌വെല്ലിന്റെ നേതൃത്വത്തിലിറങ്ങിയ ന്യൂസിലാന്റ് ടീം നാല് റൺസിനാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ആദ്യ മത്സരം മഴമൂലം മുടങ്ങി. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിൽ 2-1ന് ന്യൂസിലാന്റ് മുന്നിലാണ്. നാളെ നടക്കുന്ന അവസാന ടി20 മത്സരം വിജയിച്ചാലേ ബാബറിന് തല ഉയർത്തി നാട്ടിൽ നിൽക്കാനാകൂ.
20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസാണ് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് നേടിയത്. 36 പന്തുകളിൽ ന്യൂസിലാന്റ് ഓപ്പണർ ടിം റോബിൻസൺ 51 റൺസ് നേടി. റോബിൻസണിന്റെ കന്നി അർദ്ധ സെഞ്ച്വറിയാണിത്. ഡീൻ ഫോക്‌സ്‌ക്രാഫ്‌ട് 34 റൺസ് നേടി. പാകിസ്ഥാനായി അബ്ബാസ് അഫ്രീദി മൂന്നോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ പാകിസ്ഥാനായി ഫഖർ സമാന് മാത്രമാണ് ശക്തമായി ചെറുത്ത് നിൽക്കാനായത്. 45 പന്തിൽ 61 റൺസ് സമൻ നേടി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ് മാത്രമേ പാകിസ്ഥാന് നേടാൻ കഴിഞ്ഞുള്ളു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ നിയന്ത്രിച്ച് പന്തെറിഞ്ഞ തങ്ങളുടെ ബൗളർമാരെ ന്യൂസിലാന്റ് നായകൻ ബ്രേസ്‌വെൽ അഭിനന്ദിച്ചു, 'അവസാന അഞ്ച് ഓവറുകളിൽ മികച്ച രീതിയിൽ ബൗളിംഗ് യൂണിറ്റ് പന്തെറിഞ്ഞു.' പാകിസ്ഥാന്റെ ദയനീയ പ്രകടനം കളികാണാനെത്തിയ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കരച്ചിലിലെത്തിച്ചു. ടി20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്ഥാന് ടീമിന്റെ ഈ പ്രകടനം വലിയ തലവേദന തന്നെയാണ്.