pv-anwar

പാലക്കാട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് പാലക്കാട് നാട്ടുകല്‍ പൊലീസിന്റെ നടപടി.

എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയല്‍ മണ്ണാര്‍ക്കാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് എല്‍ഡിഎഫ് എംഎല്‍എക്ക് എതിരെ കേസെടുത്തത്.

153 എ(1) വകുപ്പ്, ജനപ്രാതിനിധ്യ നിയമ വകുപ്പ് 125 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്റെ വിവാദമായ ഡിഎന്‍എ പരാമര്‍ശമുണ്ടായത്. രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും ആ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പി.വി അന്‍വര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഒരു കാരണവശാലും പറഞ്ഞത് പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.