
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം. വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കള്ളപ്രചാരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച് സമാധാനപൂര്‍ണമായാണ് കേരളത്തില്‍ പോളിംഗ് പൂര്‍ത്തിയാക്കിയതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്കുള്ള സംഘപരിവാര്‍ ശ്രമങ്ങളും ജനസമക്ഷം അവതരിപ്പിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും നിയമനിര്‍മാണങ്ങളെയും ശക്തമായി എതിര്‍ക്കാന്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ അത്യന്താപേക്ഷിതമാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും എല്‍.ഡി.എഫിനായെന്നും പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെയും വോട്ടര്‍മാരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കാനും തിരഞ്ഞെടുപ്പ് വേദിയായി. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ തുറന്നുകാണിക്കാനും ഇടതുപക്ഷത്തിനായി.
സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളോട് മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ ഘടകങ്ങളെല്ലാം പോളിംഗില്‍ പ്രതിഫലിക്കും. അശ്ലീലവും വ്യാജകഥകളും പ്രചരിപ്പിച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാദ്ധ്യമങ്ങളും യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം കൂടി. ബി.ജെ.പി, യു.ഡി.എഫ്, മാദ്ധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും. എല്‍.ഡി.എഫ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനം ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുന്നതാകും ജൂണ്‍ നാലിന് പുറത്തുവരുന്ന ഫലം.
യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കുതന്ത്രങ്ങളെയും അധിക്ഷേപങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച് സമാധാനപൂര്‍ണമായി പ്രചാരണപ്രവര്‍ത്തങ്ങളില്‍ സജീവമാവുകയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.