ipl

കൊല്‍ക്കത്ത: അടികള്‍ പലതരം, സുനില്‍ നരെയ്‌ന്റെ അടി, ഫിലിപ്പ് സാള്‍ട്ടിന്റെ അടി, ജോണി ബെയ്‌സ്‌റ്റോയുടെ അടി പിന്നെ ശശാങ്ക് സിംഗിന്റെ ഒടുക്കത്തെ അടി. ഒരു ടി20 മത്സരത്തില്‍ 42 സിക്‌സറുകള്‍ (ടി20 മത്സരത്തിലെ ഏറ്റവും അധികം എന്ന റെക്കോഡ്) പിറന്ന മത്സരമാണ് കൊല്‍ക്കത്തയില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത് 20 ഓവറില്‍ 261 റണ്‍സ്. പക്ഷേ എന്നിട്ടും കളി തൊറ്റു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും.

ചരിത്രമുറങ്ങുന്ന ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇടിവെട്ടി മഴ പെയ്തത് പോലെയായിരുന്നു പഞ്ചാബ് കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. 262 റണ്‍സെന്ന ഇന്നുവരെ ആരും പിന്തുടര്‍ന്ന് ജയിക്കാത്ത സ്‌കോര്‍ മറികടക്കാന്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടിവന്നത് വെറും 18.4 ഓവറുകള്‍ മാത്രം. എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.

ഓപ്പണര്‍മാരായ ജോണി ബെയ്‌സ്‌റ്റോ പുറത്താകാതെ നേടിയ സെഞ്ച്വറി 108(48), പ്രഭ്‌സിംറാന്‍ സിംഗ് 54(20), റൈലി റുസോവ് 26(16), സശാങ്ക് സിംഗ് 68*(28) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന്ജയമൊരുക്കിയത്. 24 സിക്‌സറുകളാണ് കൊല്‍ക്കത്ത ബൗളര്‍മാരെ ഗ്രൗണ്ടിന്റെ എല്ലാവശങ്ങളിലുമായി നിലത്ത് നിര്‍ത്താതെ പഞ്ചാബ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍മാരായ സുനില്‍ നരെയ്ന്‍ 71(32), ഫിലിപ്പ് സാള്‍ട്ട് 75(37) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെങ്കടേഷ് അയ്യര്‍ 39(23), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 28(10), ആന്ദ്രേ റസല്‍ 24(12) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.