pic

മനാമ: ഒരു വർഷം മുൻപ് ബഹ്‌റൈനിൽ നിന്ന് കാണാതായ തായ്‌ മോഡലിന്റെ മൃതദേഹം കണ്ടെത്തി. രാജ്യത്തെ ഒരു മോർച്ചറിയിലാണ് വടക്കൻ തായ്‌ലൻഡ് സ്വദേശിയായ കയ്കാൻ കയ്നാകത്തിന്റെ (31) മൃതദേഹം കണ്ടെത്തിയത്.

മൂന്ന് വർഷം മുമ്പാണ് യുവതി ബഹ്‌റൈനിൽ എത്തിയത്. ഇവിടെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു. താൻ ഒരു ബഹ്‌റൈൻ പൗരനൊപ്പം താമസം ആരംഭിച്ചതായി യുവതി കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് യുവതിയെ കാണാതായത്.

കുടുംബം തായ് എംബസിയുടെ അടക്കം സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, മനാമയിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മോർച്ചറിയിൽ ഒരു അജ്ഞാത ഏഷ്യൻ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ഈ മാസം 18ന് എംബസി അധികൃതർക്ക് ലഭിച്ചു.

ശരീരത്തിലെ ടാറ്റുവിലൂടെ കുടുംബം യുവതിയെ തിരിച്ചറിയുകയായിരുന്നു. ആൽക്കഹോൾ വിഷബാധയെ തുടർന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണം. മരണത്തിൽ ദുരുഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.