reshma

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാമേഖലയിൽ മലയാളി നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിരതാമസവുമാക്കിയിരുന്ന രേഷ്‌മിയാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു യുവതി.

റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുളള മുറിയിലുളള ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയിൽ ഷാളുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഷ്‌മി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

മാതാവ് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം മുതൽ യുവതി വിഷാദത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടുകൂടിയാണ് യുവതി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. യാത്രക്കാർക്ക് പ്രവേശനമില്ലാത്ത ഉദ്യോഗസ്ഥരുടെ മുറിയിലേക്ക് യുവതി കണ്ണുവെട്ടിച്ച് കയറിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം രേഷ്‌മിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.