artefacts

വാഷിംഗ്‌ടൺ: അനധികൃതമായി രാജ്യത്ത് എത്തിച്ച 30 പുരാവസ്‌തുക്കൾ കംബോഡിയയ്ക്കും ഇന്തോനേഷ്യയ്ക്കും മടക്കി നൽകിയതായി അമേരിക്ക. മൂന്ന് മില്യൺ ഡോളർ മൂല്യമുള്ള വസ്‌തുക്കളാണ് ഇരുരാജ്യങ്ങൾക്കും തിരികെ നൽകിയതെന്ന് മാൻഹാട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗ് പറഞ്ഞു. 25 രാജ്യങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട 250 ദശലക്ഷം ഡോളർ മൂല്യമുള്ള 1200ഓളം പുരാവസ്തുക്കളാണ് ഇതിനോടകം അറ്റോർണി തിരിച്ചുനൽകാൻ ഉത്തരവിട്ടതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കംബോഡിയയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 'ശിവത്രയം' എന്നറിയപ്പെടുന്ന പ്രതിമ ഉൾപ്പെടെ 27 പുരാവസ്‌തുക്കളാണ് തിരികെ നൽകിയത്. 13ാം നൂറ്റാണ്ടിനും 16ാം നൂറ്റാണ്ടിനും ഇടയിൽ നി‌ർമിക്കപ്പെട്ടവയെന്ന് കരുതപ്പെടുന്ന മജാപാഹിത് സാമ്രാജ്യത്തിലെ രണ്ട് രാജകീയ വ്യക്തികളുടെ ശിലാഫലകങ്ങൾ ഉൾപ്പെടെ മൂന്ന് പുരാവസ്‌തുക്കൾ ഇന്തോനേഷ്യയ്ക്ക് തിരികെ നൽകിയതായും അറ്റോർണി വ്യക്തമാക്കി.

കലാരംഗത്തെ ഇടപാടുകാരായ ഇന്ത്യൻ വംശജൻ സുഭാഷ് കപൂറും അമേരിക്കൻ വംശജയായ നാൻസി വീനറുമാണ് പുരാവസ്‌തുക്കൾ അനധികൃതമായി കടത്തിയതെന്ന് അറ്റോർണി ആരോപിച്ചു.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് മോഷ്ടിക്കുന്ന വസ്തുക്കൾ മാൻഹാട്ടനിലെ ഗാലറിയിൽ വിൽപന നടത്തി വരികയായിരുന്ന കപൂർ ഒരു ദശാബ്ദമായി യുഎസ് പൊലീസിന്റെ നോട്ടപ്പുള്ളിയാണ്. 2011ൽ ജർമനിയിൽ അറസ്റ്റിലായ ഇയാളെ തിരികെ ഇന്ത്യയിലേയ്ക്ക് അയയ്‌ക്കുകയും നവംബർ 22ന് ഇന്ത്യൻ കോടതി ഇയാൾക്ക് 13 വർഷത്തെ തടവ് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ പുരാവസ്‌‌തുക്കടത്ത് ഇയാൾ നിഷേധിച്ചു.