actors

2010ൽ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയ്ക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന ത്രില്ലർ വിഭാഗത്തിൽപ്പെട്ട സിനിമയുടെ ചിത്രീകരണം അടുത്ത മാസം 15ന് ആരംഭിക്കുമെന്ന പുതിയ വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ലെങ്കിലും ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുകയെന്നാണ് വിവരം.

ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ തിരക്കഥാകൃത്തായ ജിതിൻ കെ തോമസാണ് പുതിയ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും നായകനും വില്ലനുമായിട്ടാണെത്തുന്നത്. 2017ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമാതാവായിരുന്നു പൃഥ്വിരാജ്.

അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'ടർബോ' ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തും. ആക്ഷൻ കോമഡി ചിത്രമായ ടർബോ സംവിധാനം ചെയ്തത് വൈശാഖാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മിഥുൻ മാനുവൽ തോമസാണ്. കൂടാതെ ഡീനോ ഡെനീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' എന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. ബസൂക്കയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ മാസം തീയറ്രറുകളിലെത്തിയ പൃഥ്വിരാജിന്റെ ആടുജീവിതവും ബോക്സോഫീസിൽ വൻവിജയമായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഒരു കോടി ക്ലബിൽ കയറിയിട്ടുണ്ട്. പ്രവാസിയായ നജീബിന്റെ കഥ പറഞ്ഞ ആടുജീവിതത്തിന് ഇപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് ഹിന്ദിയിൽ വില്ലനായി അഭിനയിച്ച ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രവും അടുത്തിടെ റിലീസ് ചെയ്തിരുന്നു. അതിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാന്റെ സംവിധാനം ചെയ്യുന്നതും പൃഥ്വിരാജാണ്.