
അബുദാബി: കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു യു എ ഇയിൽ വെള്ളപ്പൊക്കം ഉണ്ടായത്. മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ ജീവിതത്തെ ഇത് ബാധിച്ചു. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സ്വന്തം ജീവൻ പോലും പണയംവച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയവരാണ് മലയാളികൾ. യു എ ഇയിലും സമാന രീതിയിലുള്ള രക്ഷാപ്രവർത്തനം നടത്തിയ പ്രവാസി മലയാളികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മാദ്ധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്.എമിറാത്തി പൗരനായ ജാസിം ഒബൈദ് ഹുമൈദ് ഹിലാൽ അൽ സാബിയെയാണ് മലയാളികളായ ബാബുരാജ്, ഉമറുൽ ഫാറൂഖ്, മുഹമ്മദ് നിസാർ, നൂറുദ്ദീൻ എന്നിവർ രക്ഷിച്ചത്.
ഈ മാസം പതിനാറിന് ശക്തമായ മഴയായിരുന്നു. കൽബയിലാണ് ഈ മലയാളികളുടെ താമസം. കനത്ത മഴ പെയ്തതോടെ സാധനങ്ങളെല്ലാം സൂക്ഷിച്ചുവച്ചു. തുടർന്ന് തത്ക്കാലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് താമസിക്കാൻ ഇവർ തീരുമാനിച്ചു. നൂറുദ്ദീന്റെ ജോലി സ്ഥലത്തേക്കായിരുന്നു പോയത്. റോഡിൽ നിറയെ വെള്ളമാണ്. ഇതിനിടയിലാണ് പിക്കപ്പിൽ കുടുങ്ങിക്കിടക്കുന്ന എമിറാത്തി പൗരനെ കണ്ടത്. പിക്കപ്പ് ഒലിച്ചുപോകുമെന്ന് മനസിലായതോടെ അതിസാഹസികായി അദ്ദേഹത്തെ പുറത്തെടുത്തു.
എന്നാൽ പിക്കപ്പിനുള്ളിലായിരുന്നു അദ്ദേഹത്തിന്റെ വീടിന്റെ താക്കോലും ഫോണും എല്ലാമുണ്ടായിരുന്നത്. ഇതെല്ലാം വളരെ സാഹസികമായി എടുത്തു. രക്ഷകരെ കെട്ടിപ്പിടിച്ച് എമിറാത്തി പൗരൻ പണം വാഗ്ദാനം ചെയ്‌തെങ്കിലും അവർ വാങ്ങിയില്ല. അദ്ദേഹത്തെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങി.
ദിവസങ്ങൾക്ക് ശേഷം വളരെ അപ്രതീക്ഷിതമായി എമിറാത്തി പൗരന്റെ കോൾ എത്തി. കാണാൻ വരാമോയെന്ന് ചോദിച്ചു. അവിടെ ചെന്നപ്പോൾ ഊഷ്മളമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് മലയാളികൾ പറയുന്നു. ഇവർ വന്നില്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവനോടെയുണ്ടാകില്ലെന്ന് അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു. ചായ സത്കാരവും നടത്തി.