crime

പട്‌ന: ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഭാര്യ തന്റെ സഹോദരനെ വിവാഹം കഴിച്ചെന്നറിഞ്ഞ ദേഷ്യത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബീഹാറിലെ നാഥുപുരയിലാണ് സംഭവം. മുമ്പ് മാലമോഷണക്കേസിൽ പ്രതിയായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ഇയാൾ സഹോദരന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ വിജയ് കഴിഞ്ഞ നാല് വർഷമായി ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിൽ തടവിലായിരുന്നു. ജയിലിലിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്‌തു. ഇവർക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്‌തു.

ഈ മാസം 24ന് വിജയ് ജയിലിൽ നിന്നിറങ്ങി. തുടർന്ന്, സഹോദരനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇയാളും യുവതിയും തമ്മിൽ തർക്കവും വഴക്കുമുണ്ടായി. തുടർന്ന്, രോഷാകുലനായ വിജയ് കുഞ്ഞിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.

വിവരമറി‌ഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.


കഴിഞ്ഞ ദിവസം പട്‌നയിൽ കാണാതായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. മൊഹബത്ത് ഷെയ്ഖിന്റെയും സൈറയുടെയും മക്കളായ സാജിതും മുസ്‌കാനും ആണ് മരിച്ചത്. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. കാറിനകത്ത് കളിക്കുന്നതിനിടയിൽ ലോക്ക് ആകുകയും ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വീട്ട്മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികളെ കാണാതായത്.