
വടകര: കഴിഞ്ഞ ദിവസം പോളിംഗ് നടക്കുന്നതിനിടെ ബൂത്തിലെത്തിയ തന്നെ സിപിഎമ്മുകാർ തടഞ്ഞുവെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പല നേതാക്കൾക്ക് നേരെയും അതിക്രമമുണ്ടായെന്നും തോൽക്കാൻ പോകുന്നതിന്റെ അസ്വസ്ഥതയാണ് സിപിഎമ്മുകാർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി.
ഷാഫി പറഞ്ഞത്:
ഇന്നലെ രാത്രി 12 മണിക്ക് എത്തിയപ്പോഴും വോട്ടർമാരെ കണ്ടിരുന്നു. വലിയ പ്രയാസമാണ് വോട്ടർമാർക്കുണ്ടായത്. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഞങ്ങൾ ഇന്നലെ രാവിലെ മുതൽ പറഞ്ഞുകൊണ്ടിരുന്നതാണ്. പക്ഷേ, വോട്ടിംഗ് വേഗത്തിലാക്കാനുള്ള ഒരു നടപടിയും കണ്ടില്ല. പക്ഷേ, ഈ പ്രയാസങ്ങളെല്ലാം സഹിച്ചിട്ടും വടകരയിലെ ഭൂരിഭാഗം പേരും വോട്ട് രേഖപ്പെടുത്തിയിട്ടാണ് മടങ്ങിയത്. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്നുള്ള പരാതി ഞങ്ങൾക്ക് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിക്കും. പാനൂരിൽ പോളിംഗ് ഏജന്റിനെ ബൂത്തിനകത്തിട്ട് അടിച്ചു. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത അക്രമമാണിത്.
ഞാൻ ഇന്നലെ ഒരു പോളിംഗ് ബൂത്തിലെത്തിയപ്പോൾ അവിടെയുള്ള സിപിഎമ്മുകാർ പറഞ്ഞു സ്ഥാനാർത്ഥി ഇവിടേക്ക് വരാൻ പാടില്ലായെന്ന്. മറ്റുള്ളവർ വരുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ ആറ് മണി കഴിഞ്ഞതുകൊണ്ടാണെന്ന് പറഞ്ഞു. എതിർ സ്ഥാനാർത്ഥി മറ്റൊരു ബൂത്തിലുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അവരെ വേണമെങ്കിൽ അവിടെ തടഞ്ഞോ എന്നായിരുന്നു മറുപടി. അതല്ല എന്റെ പണി, ഇവിടെ താമസിക്കാനുമല്ല വന്നത് എന്ന് ഞാൻ പറഞ്ഞു. പോളിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയണമെന്ന് പറഞ്ഞപ്പോൾ പോളിംഗ് ഏജന്റ് വഴി ചോദിക്കാൻ പറഞ്ഞു. ഒടുവിൽ ഒബ്‌സർവറെ വിളിച്ചപ്പോൾ അങ്ങനെയൊരു ഓർഡർ ഇല്ല. ക്ലാരിഫിക്കേഷന് വേണ്ടി ഞങ്ങൾ ചോദിച്ചിട്ടുണ്ട്. അത് വരുന്നതുവരെ നിങ്ങൾക്ക് സന്ദർശിക്കാം എന്നും അവർ പറഞ്ഞു. കുറേ ആൾക്കാര് കൂവിവിളിച്ച്, ചിലർ കാല് കൊത്തും എന്നൊക്കെ പറഞ്ഞു. എങ്കിൽ അത് കഴിഞ്ഞേ പോകുന്നുള്ളു എന്ന് ഞാനും തിരിച്ച് പറഞ്ഞു. പോളിംഗ് ബൂത്തിലിരുന്ന ഞങ്ങളുടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബ്‌നയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി. പരാജയം ഉണ്ടാകാൻ പോകുന്നതിന്റെ അസ്വസ്ഥതയാണ് അവർ കാട്ടിയത്.