voter

കോഴിക്കോട്: ബൂത്തിലെത്തുന്ന വോട്ടർമാരെ പച്ചക്കറി വിത്ത് നൽകി സ്വീകരിച്ച് ഉദ്യോഗസ്ഥർ. ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഹരിത ബൂത്തായ നാല്പതാം പോളിംഗ് ബൂത്തിലാണ് പ്രകൃതിസ്നേഹവുമായി ഉദ്യോഗസ്ഥരെത്തിയത്.

ഹരിത ബൂത്തുകളായ ലിറ്റിൽ വൺണ്ടേർസ് ഇന്റർനാഷണൽ പ്രീ സ്കൂൾ, നടുവട്ടം , ബേപ്പൂർ, സ്കൂളിലാണ് ആദ്യമെത്തിയ 100 വോട്ടർമാർക്ക് പച്ചക്കറി വിത്ത് നൽകിയത്. 1,402 വോട്ടർമാരാണ് ആകെ പോളിംഗ് സ്റ്റേഷനിൽ ഉള്ളത്, 720 സ്ത്രീകളും 682 പുരുഷന്മാരും. ബൂത്ത് പരിസരത്ത് തണ്ണീർപ്പന്തൽ ഒരുക്കുകയും കുടിവെള്ള സൗകര്യം ഏർപ്പെടുത്തുകയും കുരുത്തോല കൊണ്ട് തോരണങ്ങൾ കെട്ടി ബൂത്ത്‌ ആകർഷണീയമാക്കുകയും ചെയ്തിരുന്നു.

വില്ലേജ് ഓഫീസർ, സെക്ടറൽ ഓഫീസർ, ഹരിതകർമ്മ സേന അംഗങ്ങൾ ,ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ അധികാരി, എന്നിവരുടെ സഹായത്തോടെയാണ് ഹരിത ബൂത്ത്‌ ഒരുക്കിയത്.

കിടപ്പിലായ ഭിന്നശേഷിക്കാരന് ഹോം വോട്ടിംഗിന് അവസരം ലഭിച്ചില്ല

ഹോം വോട്ടിന് അവസരം ലഭിക്കാത്ത ഭിന്നശേഷിക്കാരനായ ജിഷ്ണു പരസഹായത്തോടെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കളായ നന്മണ്ട എഴുകുളം തുരുത്തിക്കാട്ട് ലൈജുവും ജീജ ഭായിയും ഏറെ ശ്രമകരമായാണ് എലത്തൂർ മണ്ഡലത്തിലെ എഴുകുളം എ. യു.പി സ്കൂളിലെ 40ാം നമ്പർ ബൂത്തിൽ ജിഷ്ണുവിനെ രാവിലെ പത്തോടെ എത്തിച്ചത്. ഹോം വോട്ടിംഗ് ലിസ്റ്റിൽ ജിഷ്ണുവിൻ്റെ പേരില്ലെന്ന് രണ്ട് ദിവസം മുമ്പാണ് ബി.എൽ.ഒ അറിയിച്ചത്. ഇതേ തുടർന്ന്, ജില്ല കലക്ടർക്കും ഡപ്യൂട്ടി കലക്ടർക്കും (ആർ.ആർ) ജിഷ്ണുവിൻ്റെ മാതാവ് ജീജ ഭായ് പരാതി നൽകിയിരുന്നെങ്കിലും ഹോം വോട്ടിന് അവസരം ലഭിച്ചില്ല. 90 ശതമാനം സെറിബ്രൽ പാൾസി, കാഴ്ചപരിമിതി അനുഭവിക്കുന്ന ജിഷ്ണു പൂർണമായി വീട്ടിൽ കിടപ്പിലാണ്. മകന് ലഭിക്കേണ്ട ഹോം വോട്ട് അവകാശം നഷ്ടമായതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മാതാപിതാക്കൾ പറഞ്ഞു.