
പ്രതിസന്ധികളിൽ തളരാതെ തന്റെ മനോധൈര്യം ഒന്നുകൊണ്ടുമാത്രം ജീവിതത്തെ നേരിടുന്ന ചുരുക്കം ചില ചെറുപ്പക്കാരികളിൽ ഒരാളാണ് കോഴിക്കോടുകാരി അഞ്ജന. ജീവിതം വഴിമുട്ടുമ്പോൾ പാതിവഴിയിൽ നിർത്തി നിരാശയോടെ ജീവിക്കാനോ മറ്റ് കടുംകയ്യിലേയ്ക്ക് നീങ്ങാനോ ഈ 27കാരി ഒരുക്കമായിരുന്നില്ല. തന്റെ കുഞ്ഞു സംരംഭത്തിലൂടെ വരുമാനമാർഗം കണ്ടെത്തുകയും ഒരുപാട് പേർക്ക് പ്രചോദനമാവുകയും ചെയ്യുകയാണ് അഞ്ജന ദാസ് കെ കെ.
മഞ്ചേരിയിലെ യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം ഗസ്റ്റ് ലക്‌ചറർ ആണ് അഞ്ജന. ഭർത്താവ് സുബിൻലാൽ ഡ്രൈവറാണ്. കൂട്ടത്തിൽ കൃഷിയുമുണ്ട്. എന്നിരുന്നാലും താനാണ് കുടുംബത്തിന്റെ പ്രധാന അത്താണിയെന്ന് അഞ്ജന പറയുന്നു. വിവാഹശേഷം ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും അഞ്ജനയ്ക്ക് ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു. ഭർത്താവുമൊത്ത് വീട്ടിൽ നിന്നിറങ്ങി മാറിതാമസിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടയിൽ കുഞ്ഞുണ്ടായതോടെ പോസ്റ്റ് ഗ്രാജുവേറ്റായ അഞ്ജനയ്ക്ക് മുന്നോട്ട് പഠിക്കാൻ സാധിച്ചില്ല.
ജീവിതം വഴിമുട്ടിനിന്നപ്പോഴാണ് സ്വന്തമായൊരു വരുമാനം ഉണ്ടാകണമെന്ന് അഞ്ജന ചിന്തിച്ചത്. അങ്ങനെ പലയിടങ്ങളിലായി ജോലിക്ക് അപേക്ഷിച്ചു. ഒടുവിലാണ് മഞ്ചേരിയിലെ കോളേജിൽ ഗസ്റ്റ് ലക്‌ചറർ ആയി നിയമനം ലഭിക്കുന്നത്. എന്നാൽ ഗസ്റ്റ് ലക്‌ചറിന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ ചെലവുകൾ കൂട്ടിമുട്ടിക്കാൻ സാധിക്കാതെ വന്നു. അങ്ങനെയാണ് ബിസിനസ് എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേരുന്നത്.

ഇതിനായി ഏറെ കണ്ടുകൊതിച്ച ഉത്‌പന്നം തന്നെ തിരഞ്ഞെടുക്കാമെന്ന് അഞ്ജന തീരുമാനിച്ചു. സമൂഹമാദ്ധ്യമങ്ങളിലും മറ്റും കണ്ടും പലരും അണിഞ്ഞിരിക്കുന്നത് കണ്ടും ഏറെ ഇഷ്ടം തോന്നിയ ആഭരണങ്ങളാണ് മണ്ണിൽ നിർമിക്കുന്ന ടേറാകോട്ട ആഭരണങ്ങൾ. എന്നാൽ വളരെ വിലകൂടിയ ആഭരണങ്ങൾ ആയതിനാൽ തന്നെ പലർക്കും ഇത് അണിയുക ആഗ്രഹം മാത്രമായി അവശേഷിക്കാറാണ് പതിവ്. മണ്ണിൽ സ്വന്തമായി ആഭരണങ്ങൾ ഉണ്ടാക്കി അത് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും വാങ്ങാനാവുന്നവിധം ഒരു സംരംഭം തുടങ്ങണമെന്ന് അഞ്ജന ആഗ്രഹിച്ചു. അങ്ങനെ സ്വന്തമായി ആഭരണങ്ങൾ നിർമിക്കാൻ ആരംഭിച്ചു. തുടക്കത്തിൽ ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ 'ആരണ്യകം' എന്ന പേരിൽ ബിസിനസ് സംരംഭത്തിന്റെ ഉടമയാണ് അഞ്ജന.
ഒരു ആഭരണം നിർമിക്കാൻ മണ്ണ് ഉണങ്ങി കിട്ടാൻ രണ്ടുദിവസം എടുക്കും. ഒരു ആഭരണം പൂർണമായി നിർമിക്കാൻ എട്ടുദിവസത്തോളം എടുക്കുമെന്നും അഞ്ജന പറയുന്നു. മേക്കിംഗ് ചാർജ് തന്നെ രണ്ടായിരത്തിൽ അധികം വരും. എന്നാൽ താൻ 500 മുതൽ 800 രൂപവരെയുള്ള വിലയ്ക്കാണ് വിൽക്കുന്നതെന്ന് അഞ്ജന പറഞ്ഞു. സാധാരണക്കാരിലും ഇത്തരം ആഭരണങ്ങൾ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനാലാണ് ലാഭമല്ലെങ്കിൽ കൂടി കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്നും അഞ്ജന പറഞ്ഞു.

നല്ല സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമല്ല, ഇത്തരം ആഭരണങ്ങൾ അണിയാൻ ആഗ്രഹമുള്ള എല്ലാവർക്കും അതിന് സാധിക്കണം എന്നതാണ് മണ്ണിൽ ആഭരണങ്ങൾ തീർത്ത് അത് വിൽക്കുന്നതിലൂടെ അഞ്ജനയുടെ ലക്ഷ്യം. കാട്, മണ്ണ്, പ്രകൃതി, പുസ്‌തകം, മനുഷ്യൻ എന്നിവയാണ് ആഭരണങ്ങളുടെ ഇതിവൃത്തം. അതുകൂടാതെ കേരള സംസ്‌കാരത്തിന്റെ ഭാഗമായ തെയ്യം, കഥകളി എന്നിവയ്ക്ക് ആഭരണങ്ങളിലൂടെ കൂടുതൽ പ്രചാരം നൽകുകയെന്നതും ലക്ഷ്യമിടുന്നുണ്ടെന്ന് അഞ്ജന ടീച്ചർ വ്യക്തമാക്കുന്നു. അദ്ധ്യാപന ജോലിക്കും ബിസിനസിനും പുറമെ അഞ്ജന പി എസ് സിക്ക് പഠിക്കുകയും വിവിധ കോച്ചിംഗുകൾ നൽകുകയും ചെയ്തുവരുന്നു.
യുട്യൂബ്, ടെലിഗ്രാം എന്നിവയിലൂടെയും പരിശീലനം നൽകിവരുന്നു. അദ്ധ്യാപന ജീവിതത്തിന്റെയും പി എസ് സി പരിശീലനത്തിന്റെയും കുടുംബത്തിന്റെയും തിരക്കുകൾക്കൊപ്പം സ്വന്തം ബിസിനസുമായി മുന്നോട്ടുപോകാൻ കാരണം തന്റെ പ്രതിസന്ധികളിൽ നോക്കിച്ചിരിച്ചവർക്കുള്ള മറുപടി നൽകുകയെന്ന ലക്ഷ്യമാണെന്നും അഞ്ജന പറയുന്നു. ഇന്ന് രണ്ട് പി എസ് സി പട്ടികയിൽ അഞ്ജനയുടെ പേരുണ്ട്.

ബിസിനസ് തുടങ്ങിയിട്ട് രണ്ട് വർഷമായി. ആദ്യത്തെ കസ്റ്റമർ ഒരു വിദേശിയായിരുന്നു. ഇന്ന് തന്റെ ആഭരണങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ടെന്ന് അഞ്ജന പറഞ്ഞു. ഈ രണ്ടുവർഷവും തന്റെയൊപ്പം പരിപൂർണ പിന്തുണയുമായി ഭർത്താവ് സുബിൻ ലാൽ കൂടെയുണ്ടെന്ന് അഞ്ജന പറയുന്നു. ആഭരണനിർമാണത്തിൽ സുബിനും മൂന്നുവയസുകാരിയായ മകളും അഞ്ജനയുടെ ഒപ്പം കൂടാറുണ്ട്.
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ പിടിച്ചുനിന്നതുതന്നെ മനോധൈര്യം കൊണ്ടാണ്. സമൂഹത്തിൽ പലരും ധാരാളം പ്രശ്‌നങ്ങൾ നേരിടാറുണ്ടെങ്കിലും സ്‌ത്രീകളാണ് ഇവ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്. പഴയ ചിന്താഗതികൾ വച്ചുപുലർത്തുന്നവർ ഇപ്പോഴും സമൂഹത്തിൽ ധാരാളമുണ്ട്. ചുറ്റും നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും ഒരിക്കൽ ശരിയാകുമെന്നും വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസത്തോടുകൂടി മുന്നോട്ട് പോകാൻ ധൈര്യമുണ്ടാകണം. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുതന്നെ പോകാനുള്ള ആത്മധൈര്യമുണ്ടാകണമെന്നും അഞ്ജന പറയുന്നു.