manipur

ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗം നടത്തിയ വെടിവയ്‌പിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ എൻ. സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് വീരമൃത്യു വരിച്ചത്. ബിഷ്ണുപൂർ ജില്ലയിലെ നരൻസീന പ്രദേശത്ത്

ഇന്നലെ പുലർച്ചെ അക്രമകാരികൾ ക്യാമ്പിനുനേരെ വെടിവയ്ക്കുകയും ബോംബെറിയുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ് 128 ബറ്റാലിയനിൽ നിന്നുള്ള

ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്. ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്‌താബ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.

അർദ്ധരാത്രി മുതൽ പുലർച്ചെ 2.15വരെ വെടിവയ്‌പ് തുടർന്നു. ഐ.ആർ.ബി ക്യാമ്പിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കുന്നുകളിൽ നിന്നാണ് കുക്കികൾ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വരുംദിവസങ്ങളിൽ അക്രമം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂരിൽ നടന്ന രണ്ട് ഘട്ടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

മണിപ്പൂരിൽ കഴിഞ്ഞ വർഷം മേയ് മാസത്തിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം. കുറ്റവാളികൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയെന്ന് സി.ആർ.പി.എഫ് അറിയിച്ചു.