
കോട്ടയം: ഇന്ത്യയെ വീണ്ടെടുക്കാനുളള പോരാട്ടത്തിൽ കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
അപ്പ കൂടെയില്ലാത്ത ആദ്യത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു; കേരളത്തിൽ അങ്ങോളമിങ്ങോളം
ഞങ്ങൾ നാലുപേരും പ്രചാരണത്തിന് പോയപ്പോൾ, അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെക്കുന്നത് കാണാമായിരുന്നു.
ആ ഓർമ്മകളും അപ്പ ബാക്കിവെച്ച രാഷ്ട്രീയ നിലപാടുകളും മൂല്യങ്ങളും ഞങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജമായുണ്ട്. അപ്പയെ സ്നേഹിച്ചതുപ്പോലെ ഞങ്ങളെയും എല്ലാവരും സ്നേഹിക്കുന്നുണ്ടെന്ന അഭിമാന ബോധം ഈ പ്രചാരണ കാലത്തുടനീളം അനുഭവിച്ചറിഞ്ഞു.
ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ല. ഇന്നലെ ഞങ്ങൾ നാലുപേരും വോട്ട് രേഖപ്പെടുത്തി ആ കുതിപ്പിനൊപ്പം ചേർന്നു...ഈ പോരാട്ടത്തിൽ രാപകൽ ഭേദമന്യേ അധ്വാനിച്ച യുഡിഎഫ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും സ്നേഹാഭിവാദ്യങ്ങൾ..
അതേസമയം, കേരളത്തിൽ ഇന്നലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70.35 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു. വടകര,മലപ്പുറം,കണ്ണൂർ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വോട്ടെടുപ്പ് നീണ്ടെന്നാണ് സൂചന.യന്ത്രം പണിമുടക്കിയെന്നു പറഞ്ഞ് നിറുത്തിവച്ചതും വോട്ടെടുപ്പ് മന്ദഗതിയിൽ തുടർന്നതുമാണ് ഇതിനിടയാക്കിയത്.ആറുമണിക്ക് മുമ്പ് എത്തിയവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. സ്ത്രീകൾ അടക്കം നിരവധിപേർ ഈ മണ്ഡലങ്ങളിലെ ബൂത്തുകളിൽ നിന്ന് വോട്ടുചെയ്യാതെ മടങ്ങിപ്പോയി. കോഴിക്കോടും വടകരയും നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായും ആക്ഷേപം ഉണ്ടായി.