
കോട്ടയം: സർക്കാർ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പാരാഗ്ളൈഡിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. കോട്ടയം ചീരഞ്ചിറ സർക്കാർ യു പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്. തായ്‌ലൻഡിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടത്തിൽ പരിക്കേറ്റ് റാണി ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്‌ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടിൽ എത്തിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം, യു എസ് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യൻ സ്‌ത്രീകൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ല സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതബെൻ പട്ടേൽ, മനീഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച എസ് യു വി കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചില്ലെന്നും അധികൃതർ പറഞ്ഞു. തകർന്ന കാർ മരത്തിലിടിച്ച് നിന്ന നിലയിലാണ് കണ്ടെത്തിയത്. സൗത്ത് കരോലിന ഹൈവേ പട്രോൾ, ഗാന്റ് അഗ്നിരക്ഷാസേന, ഗ്രീൻവാലി ഇ എം എസ് യൂണിറ്റുകൾ എന്നിവ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.