vehicle

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 48 ശതമാനം ഉയർന്ന് 3,878 കോടി രൂപയിലെത്തി. ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 38,235 കോടി രൂപയിലെത്തി. കയറ്റുമതിയിലും വില്പനയിലും അറ്റാദായത്തിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കാഡ് നേട്ടമാണുണ്ടാക്കിയതെന്ന് മാരുതി സുസുക്കി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ കാലയളവിൽ കമ്പനി 20 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതിയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം വാഹനങ്ങളുടെ കയറ്റുമതി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില മൂന്ന് പ്രാവശ്യം വർദ്ധിപ്പിച്ചിരുന്നു. ഇതാണ് കമ്പനിയുടെ ലാഭം ഗണ്യമായി കൂടാൻ സഹായിച്ചത്. ഓഹരിയൊന്നിന് നിക്ഷേപകർക്ക് 125 രൂപ ലാഭവിഹിതവും മാരുതി പ്രഖ്യാപിച്ചു.