
കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിൽ സി.ബി.ഐ നടത്തിയ റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. പരിശോധനയ്ക്കിടെ കണ്ടെത്തിയ ആയുധങ്ങൾ സി.ബി.ഐ തന്നെ കൊണ്ടുവച്ചതാണോ എന്നും അതറിയാൻ പറ്റില്ലെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യത്തുടനീളം നാശം വിതയ്ക്കുമ്പോൾ നിങ്ങളുടെ ഓഫീസ് കണ്ണടച്ചിരിക്കുകയാണെന്നും ആരോപിച്ചു.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരെ ലൈംഗികാരോപണം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാൾ സർക്കാർ ചൊവ്വാഴ്‌ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത നീക്കം. കേസിൽ ആരോപണവിധേയരായവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തുകയും ആയുധങ്ങളുൾപ്പെടെ കണ്ടെത്തുകയും ചെയ്‌തിരുന്നു. പിന്നാലെ പ്രദേശത്ത് എൻ.എസ്.ജി കമാൻഡോകളെ വിന്യസിക്കുകയും ചെയ്‌തു.