
വയനാട്: നക്‌സലൈറ്റ് നേതാവ് കുന്നേൽ കൃഷ്‌ണൻ (85) അന്തരിച്ചു. അർബുദബാധിതനായിരുന്നു. തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമാണ്. 1948ലാണ് വയനാട് മാന്തവാടിക്കടുത്ത് വാളാട് എത്തുന്നത്. മാന്തവാടി സ്‌കൂൾ പഠനക്കാലത്ത് കെ എസ് എഫിൽ എ വർഗീസിനൊപ്പം പ്രവർത്തിച്ചു. ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. തുടർന്ന് നക്‌സൽബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്‌ണൻ മരണംവരെ അതേ രാഷ്ട്രീയപാത തന്നെ പിന്തുടരുകയായിരുന്നു. നക്‌സൽ വർഗീസിനൊപ്പം പ്രവർത്തിച്ചിരുന്നവരിൽ ശേഷിച്ചിരുന്ന അവസാനത്തെയാളായിരുന്നു അദ്ദേഹം.
കേണിച്ചിറയിൽ മഠത്തിൽ മത്തായി വധം, ജന്മിമാരുടെ വീട് ആക്രമിച്ച് പണവും മറ്റും കവർന്ന സംഭവം, കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം എന്നിവയിൽ കൃഷ്ണൻ നേരിട്ട് പങ്കാളിയായിരുന്നു. അനേകംതവണ ജയിൽവാസവും ക്രൂരപീഡനവും അനുഭവിച്ചു. വയനാട്ടിൽ ഉൾപ്പെടെ അടുത്ത കാലങ്ങളിൽ നടന്ന ജനകീയ സമരങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സിപിഐ (എംഎൽ) റെഡ് ഫ്ളാഗിന്റെ സംസ്ഥാന കൗൺസിൽ ക്ഷണിതാവായിരുന്നു. വർഗീസ് സ്‌മാരക ട്രസ്റ്റിന്റെ ട്രഷറർ ആയും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: കനക, മക്കൾ: അജിത് കുമാർ, അനൂപ് കുമാർ, അരുൺ കുമാർ, അനിഷ, അനീഷ്.