
കണ്ണൂർ : സംസ്ഥാനത്ത് പോളിംഗ് ദിനത്തിൽ വോട്ടെടുപ്പ് വൈകിയതിനെതിരെ പ്രതിപക്ഷ വിമർശനം ഉയരുമ്പോൾ യു.ഡി.എഫിന്റെ ആരോപണങ്ങൾ തള്ളി വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. കോൺഗ്രസിന് പരാജയ ഭീതിയാണെന്ന് ശൈലജ പറഞ്ഞു,
പോളിംഗ് വൈകിയത് യു.ഡി.എഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് ആരോപിച്ച കെ.കെ. ശൈലജ വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ വ്യക്തമാക്കി.
വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യു.ഡി.എഫ് നിർമിതമെന്നാണ് കരുതുന്നത്. വ്യാജമാണെങ്കിൽ യു.ഡി.എഫ് തെളിയിക്കട്ടെ എന്നും അവർ വെല്ലുവിളിച്ചു. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചാരണം. സൈബർ കേസുകളിൽ അന്വേഷണം തുടരണം. വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ.ശൈലജ വടകരയിൽ പറഞ്ഞു. യു.ഡി.എഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ വിമർശിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പോളിംഗ് നടക്കുന്നതിനിടെ ബൂത്തിലെത്തിയ തന്നെ സി.പി.എമ്മുകാർ തടഞ്ഞുവെന്ന് വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആരോപിച്ചു. പല നേതാക്കൾക്ക് നേരെയും അതിക്രമമുണ്ടായെന്നും തോൽക്കാൻ പോകുന്നതിന്റെ അസ്വസ്ഥതയാണ് സി.പി.എമ്മുകാർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി.
നേരത്തെ വോട്ടിംഗ് വൈകിയതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് സതീശൻ പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്. വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇന്നലെ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയും മടങ്ങി പോയി പിന്നീട് തിരിച്ചെത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായി. രണ്ട് വോട്ടുകള്‍ക്ക് ഇടയിലുണ്ടായ കാലതാമസം തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ മാത്രം ഉണ്ടായത് എന്തുകൊണ്ടാണെന്നും വിലയിരുത്തപ്പെടണം. പോളിംഗ് രാത്രി പത്തു വരെ നീളാനുള്ള കാരണമെന്താണ്? മനപൂര്‍വമായി വോട്ടിംഗ് വൈകിപ്പിച്ചതാണോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.