uae

ദുബായ്: കഴിഞ്ഞ 75 വർഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ അടുത്തിടെ സാക്ഷ്യം വഹിച്ചത്. പ്രളയതുല്യ സാഹചര്യത്തിലേക്ക് കടന്ന രാജ്യത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗികമായ കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ആഡംബര വാഹനങ്ങൾ അടക്കം വെള്ളപ്പൊക്കത്തിൽപ്പെട്ട് നശിച്ചിരുന്നു.

ഇപ്പോഴിതാ മഴയിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് പിന്നാലെ ആശ്വാസവുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. മഴയിൽ തകർന്ന യുഎഇയിലെ ചില ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ അനുവദിച്ചിരിക്കുകയാണ്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം പുറത്തുവന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായുള്ള മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എമിറാത്തി പൗരന്മാർക്ക് മാത്രമാണ് പലിശ രഹിത വായ്പ ലഭിക്കുകയെന്നാണ് റിപ്പോർട്ട്.

യുഎഇയിൽ അടുത്തിടെ അനുഭവപ്പെട്ട മഴ ഒട്ടേറെ ബിസിനസുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ ബിസിനസുകളെ സ്ഥിരപ്പെടുത്തുന്നതിനുമായി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് വായ്പ പദ്ധതി പ്രഖ്യാപിച്ചത്. കനത്ത മഴയിൽ നാശനഷ്ടമുണ്ടായ നിവാസികളുടെ വ്യക്തിഗത വായ്പയുടെ തവണകൾക്ക് പ്രാദേശിക ബാങ്കുകൾ ഇളവ് ലഭ്യമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വായ്പ പദ്ധതി കൂടി പ്രഖ്യാപിച്ചത്.

യോഗ്യരായ കമ്പനികൾക്ക് ആറ് മുതൽ 12 മാസം വരെ ഗ്രേസ് പീരിയഡോട് കൂടി 300,000 ദിർഹം ( 6,81,22,988 രൂപ) വരെ ലോൺ ലഭിക്കും. അതത് ബിസിനസുകളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ കേടുപാടുകൾ തീർക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ വേണ്ടിയാണ് ഈ തുക ചെലവഴിക്കേണ്ടത്. ദുരിതബാധിതരായ ദുബായ് ചെറുകിട സംരഭങ്ങളുടെ ഉടമയ്ക്ക് ആവശ്യമായ രേഖകൾ സഹിതം മുഹമ്മദ് ബിൻ റാഷിദ് ഫണ്ടിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

കനത്ത മഴയും വെള്ളപ്പൊക്കവുമാണ് യുഎഇ അടുത്തിടെ നേരിട്ടത്. വെള്ളപ്പൊക്കത്തെ തുടർന്ന് നൂറുകണക്കിനു പേർ വിമാനത്താവളങ്ങളിലും മാളുകളിലും മെട്രോസ്റ്റേഷനുകളിലും വാഹനങ്ങളിലും കുടുങ്ങി. വൈദ്യുതി നിലച്ചു. കുടിവെള്ളം കിട്ടാതായി. പാർപ്പിട സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഇപ്പോൾ മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്നും പതിയെ കരകയറുകയാണ് നിവാസികൾ.