pic

വാഷിംഗ്ടൺ: യു.എസിലെ ഒഹായോയിൽ പൊലീസ് മർദ്ദനമേറ്റ ആഫ്രിക്കൻ - അമേരിക്കൻ വംശജൻ മരിച്ചു. ഫ്രാങ്ക് ടൈസൺ ( 53 )​ എന്നയാളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ 18ന് കാറപകടവുമായി ബന്ധപ്പെട്ട് ബാറിൽ നിന്നാണ് പൊലീസ് ടൈസണെ പിടികൂടിയത്. തുടർന്ന്

ടൈസണെ ബലം പ്രയോഗിച്ച് നിലത്തുവീഴ്ത്തിയ പൊലീസ് കൈകളിൽ വിലങ്ങുവച്ചു.

മർദ്ദിക്കുകയും ചെയ്തു. പൊലീസുകാരിൽ ഒരാൾ ടൈസന്റെ കഴുത്തിൽ കാൽമുട്ട് വച്ച് അമർത്തി. തനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് ആവർത്തിച്ച് നിലവിളിച്ച ടൈസൺ ബോധരഹിതനായി. ആറു മിനിറ്റോളം നേരം ടൈസൺ നിലത്തുകിടന്നു. തുടർന്ന് പൊലീസ് ശ്വാസമുണ്ടോ എന്ന് പരിശോധിച്ച ശേഷം വിലങ്ങഴിക്കുകയും പ്രഥമശുശ്രൂഷകൾ നൽകുകയും ചെയ്തു. പ്രതികരണമില്ലെന്ന് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി. പൊലീസുകാരുടെ ബോഡി ക്യാമറയിൽ നിന്നുള്ള 36 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഒഹായോ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെയാണ് സംഭവം വെളിച്ചത്താകുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ ഒഹായോ ബ്യൂറോ ഒഫ് ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു.

2020ൽ മിനസോട്ടയിൽ ആഫ്രിക്കൻ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് മർദ്ദിച്ച് കൊന്നതിന്റെ ആവ‌ർത്തനമാണ് ടൈസനും സംഭവിച്ചത്. ഫ്ലോയ്‌ഡിന്റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അമേരിക്കയെ വിറപ്പിച്ചിരുന്നു.