hi

കിളിമാനൂർ: ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കുകയും ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല തേവയിൽ സ്വദേശിനിയായ വീട്ടമ്മ ഇതു സംബന്ധിച്ച് കിളിമാനൂർ പൊലീസിൽ പരാതി നൽകി.

എം.സി റോഡിൽ കിളിമാനൂർ തട്ടത്തുമല ജംഗ്ഷനിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗ്രേ നിറത്തിലുള്ള ടൊയോട്ട എത്തിയോസ് കാറാണ് വികൃതമാക്കിയത്. വീട്ടമ്മ മകനെ അടൂരിലുള്ള ഡോക്ടറെ കാണിക്കുന്നതിനായിൽ പകൽ 3 മണിയോടെ തട്ടത്തുമല ജംഗ്ഷനിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിൽ കയറി യാത്ര പോകുകയായിരുന്നു. ഡോക്ടറെ കണ്ടശേഷം രാത്രി 8ഓടെ തിരികെ എത്തുമ്പോഴാണ് കാർ വികൃതമാക്കിയ നിലയിൽ കണ്ടത് തുടർന്ന് വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകി.

കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുള്ള സിസി.ടിവിയിൽ കാർ വികൃതമാക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടമ്മയുടെ മൊഴി കിളിമാനൂർ പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇതുവരേയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയാത്ത കുറ്റകൃത്യമായതിനാൽ കോടതി അനുമതി ലഭിച്ചാൽ മാത്രമേ കേസെടുക്കാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി വാങ്ങി കോടതിയിൽ അയച്ചതായും പൊലീസ് പറഞ്ഞു. അതേസമയം,​ കിളിമാനൂർ പൊലീസ് കേസെടുക്കാത്തതിനാൽ മേലുദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് വീട്ടമ്മയുടെ തീരുമാനം.