
കൊച്ചി: ആഗോള വിപണിയുടെ ചുവട് പിടിച്ച് തുടർച്ചയായ രണ്ടാം ദിനത്തിലും സ്വർണ വില മുകളിലേക്ക് നീങ്ങി, ഇന്നലെ കേരളത്തിലെ സ്വർണ വില പവന് 160 രൂപ വർദ്ധിച്ച് 53,480 രൂപയിലെത്തി. ഗ്രാമിന്റെ വില 20 രൂപ കൂടി 6,685 രൂപയായി. വെള്ളിയാഴ്ച സ്വർണം പവന് 53,320 രൂപയിലായിരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിഞ്ഞുവെങ്കിലും അമേരിക്കയിലെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളാണ് സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. കഴിഞ്ഞ മാസം നാണയപ്പെരുപ്പം കുത്തനെ കൂടിയതോടെ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങുമ്പോൾ പവന് 58,000 രൂപയിലധികം ഉപഭോക്താക്കൾ മുടക്കേണ്ടി വരും. സ്വർണ വിലയിലെ ചാഞ്ചാട്ടം നിക്ഷേപകർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.