
ന്യൂഡൽഹി: ഐ.പി.എല്ലിൽ വീണ്ടും റൺമഴ പെയ്ത, ഇന്നലെ നടന്ന ആദ്യ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെ പത്ത് റൺസിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായ രണ്ടാം ജയവുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഓപ്പണറായി ഇറങ്ങിയ ഓസ്ട്രേലിയൻ യുവവിസ്മയം ജേക്ക് ഫ്രേസർ മക്ഗുർകിന്റെ (27 പന്തിൽ 84)അതിവേഗ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ് പൊരുതിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247 റൺസിൽ അവരുടെ വെല്ലുവിളി അവസാനിച്ചു. തോൽവി മുംബയ്യുടെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലാക്കി. 9 മത്സരങ്ങളിൽ നിന്ന് 3 ജയമേ അവർക്കുള്ളൂ. ആറിലും തോറ്റു.
വെടിക്കെട്ട് തുടക്കം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ജേക്ക് ഫ്രേസർ മക്ഗുർക്ക് അഭിഷേക് പോറലിനൊപ്പം (39) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ലൂക്ക് വുഡ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്ത് ഫോറും മൂന്നാം പന്ത് സിക്സും അടിച്ച ജേക്ക് ആ ഓവറിൽ നേടിയത് 19 റൺസാണ്.രണ്ടാം ഓവർ എറിയാനെത്തിയ സാക്ഷാൽ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ തന്നെ സിക്സടിച്ചാണ് ജേക്ക് സ്വീകരിച്ചത്. ആ ഓവറിൽ ഫ്രേസർ 2 ഫോർ കൂടി നേടി. ബുംറയുടെ സീസണിലെ ഏറ്റവും എക്സ്പെൻസീവ് ആയ ഓവർ ആയിരുന്നു ഇത്.
3 ഓവറിൽ 50 കടന്ന ഡൽഹിയുടെ റൺസ് അക്കൗണ്ടിൽ പവർപ്ലേയിൽ 92 റൺസാണ് വന്നത്. 78 റൺസാണ് മക്ഗുർക് പവർപ്ലേയിൽ നിന്ന് നേടിയത്. 15 പന്തിൽ താരം അർദ്ധ സെഞ്ച്വറി നേടി. 6.4 ഓവറിൽ ഡൽഹി നൂറ് കടന്നു. എട്ടാം ഓവറിൽ പിയൂഷ് ചൗളയെ സിക്സടിക്കാനുള്ള ജേക്കിന്റെ ശ്രമം ഡീപ് മിഡ്വിക്കറ്റിൽ നബിയുടെ കൈയിൽ അവസാനിച്ചതോടെയാണ് മുംബയ് ശ്വാസം വിട്ടത്. 11 ഫോറും 6 സിക്സും മക്ഗുർക് നേടി.
പിന്നീട് എത്തിയ ഷായ് ഹോപ്പ് (17 പന്തിൽ 41), ക്യാപ്ടൻ റിഷഭ് പന്ത് (19 പന്തിൽ 29),ട്രിസ്റ്റൻ സ്റ്റബ്സ് (25 പന്തിൽ 48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഡൽഹിയുടെ സ്കോർ ഇരുന്നൂറ്റമ്പതും കടന്ന് കുതിച്ചു. ലൂക്ക് വുഡ് എറിഞ്ഞ 18-ാം ഓവറിൽ സ്റ്റബ്സ് 5 ഫോറും 1 സിക്സും ഉൾപ്പെടെ 26 റൺസാണ് നേടിയത്. വുഡ്, ബുംറ, നബി,പിയൂഷ് എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി.
പൊരുതി വീണു
ഇംപാക്ട് പ്ലെയറായി വന്ന റാസിഖ് സലാം , മുകേഷ് കുമാർ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി ഡൽഹി ബൗളിംഗിന്റെ മുന്നണിപ്പോരാളികളായി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. പവർപ്ലേയിൽ തന്നെ അപകടകാരികളായ രോഹിത് ശർമ്മ (8), ഇഷാൻ കിഷൻ (20), ഇംപാക്ട് പ്ലെയർ സൂര്യ കമാർ യാദവ് (26) എന്നിവരെ നഷ്ടമായെങ്കിലും തിലക് വർമ്മ (32 പന്തിൽ 64), ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ (24 പന്തിൽ 46) എന്നിവരുടെ പോരാട്ടം മുംബയ്ക്ക് പ്രതീക്ഷ നൽകുകയായിരുന്നു.
ഹാർദികിനെയും നേഹൽ വധേരയേയും (4) അടുത്തടുത്ത് സലാം പുറത്താക്കിയെങ്കിലും പിന്നീട് എത്തിയ ടീം ഡേവിഡിനൊപ്പം (17 പന്തിൽ 37) തിലക ്വീണ്ടും പൊരുതി നോക്കിയെങ്കിലും വിജയതീരത്ത് എത്താനായില്ല.