moshanam

പാറശാല: വീടിന്റെ ജനൽ കമ്പി വളച്ച് അകത്ത്കടന്ന കള്ളൻമാർ അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവന്റെ ആഭരണങ്ങളും 80000 രൂപയും കവർന്നു. പരശുവയ്ക്കൽ പെരുവിള പാലറക്കൽ മേലേപുത്തൻവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സന്തോഷിന്റെ വീട്ടിൽ നിന്നാണ്പണവും ആഭരണങ്ങളും മോഷണം പോയത്. വീട്ടുകാർ വീട്ടിലില്ലാതിരുന്നപ്പോഴായിരുന്നു മോഷണം. അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3 വളകൾ, 2 മോതിരം, രണ്ട് ജോഡി കമ്മൽ എന്നിവ ഉൾപ്പെടുന്ന 5 പവന്റെ സ്വർണ്ണാഭരണങ്ങൾ, വീട് പണിക്കായി സൂക്ഷിച്ചിരുന്ന 80000 രൂപ എന്നിവയാണ് മോഷണം പോയത്. 25ന് രാവിലെ സന്തോഷിന്റെ കുടുംബം ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ മടങ്ങിവന്നപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. കൂടുതൽ അന്വേഷണത്തിലാണ് വീടിന് പുറകിലെ ജനൽ കമ്പികൾ വളച്ചനിലയിൽ കണ്ടത്. പാറശാല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിംഗർപ്രിന്റ്, ഡോഗ് സ്‌ക്വാഡ് വിദഗ്ദ്ധർ എന്നിവർ തെളിവെടുപ്പ് നടത്തി.