
കട്ടപ്പന: ഹൈറേഞ്ചിലെ അത്യുഷ്ണത്തിൽ കൃഷി നാശം രൂക്ഷമായതോടെ ഏലം വില കുതിച്ചുയരുന്നു. എന്നാൽ ആവശ്യത്തിന് ചരക്കില്ലാത്തതിനാൽ വില വർദ്ധനയുടെ പ്രയോജനം നേടാനാവാതെ കർഷകർ വലയുകയാണ്. പുറ്റടി സ്പൈസസ് പാർക്കിൽ ബുധനാഴ്ച നെടുങ്കണ്ടം ഹീഡർ സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ് നടത്തിയ ഓൺലൈൻ ലേലത്തിൽ ഒരു കിലോ ഏലയ്ക്കയുടെ വില 3009 രൂപയിലും ശരാശരി വില കിലോയ്ക്ക് 1925.1 രൂപയുമായി ഉയർന്നിരുന്നു. മൂന്ന് ആഴ്ചയായി ഏലം വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കച്ചവടക്കാരുടെയും കർഷകരുടെയും കൈയ്യിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 5,000 രൂപ കടക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏലംകൃഷിയുള്ള ഇടുക്കി ജില്ലയിലെ 70 ശതമാനം ഏലം കൃഷിയും കൊടുവേനലിൽ കരിഞ്ഞുണങ്ങി. എ സോണിലെ വണ്ടന്മേട് മേഖലയിലെ കൃഷി പൂർണമായും നശിച്ചു. നേരിട്ട് വെയിൽ ബാധിക്കാത്ത ഏലം കൃഷി ഏറെയുള്ള ഉടുമ്പഞ്ചോല മേഖലയിൽ മാത്രമാണ് വേനൽ നാശങ്ങൾ ബാധിക്കാത്തത്. മുൻ വർഷങ്ങളേക്കാൾ 3- 4 ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യുന്നതിനാൽ തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റി. ഒരു ഏലം ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതിൽ കുറവുണ്ടായാൽ ചെടികൾ വാടും. വൻകിട തോട്ടങ്ങളിൽ സ്പ്രിംഗ്ലർ സ്ഥാപിച്ചാണ് നനയ്ക്കുന്നത്. ഏലച്ചെടികൾ സംരക്ഷിക്കുന്നതിന് ഭൂരിഭാഗം ചെറുകിട കർഷകരും ഉപയോഗിക്കുന്ന പടുതാ കുളങ്ങളിലെ വെള്ളം വറ്റിയതാണ് തിരിച്ചടിയായത്.
' കരിഞ്ഞുണങ്ങിയ ഏലത്തിന്റെ റീപ്ലാന്റിന് ഏക്കറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവ്. റീപ്ലാന്റ് ചെയ്താലും ഉത്പാദനം ലഭിക്കാൻ രണ്ട് വർഷമെടുക്കും. അതിനാൽ ഏലം വില 5,000 രൂപ കടക്കാനിടയുണ്ട്."
-ആന്റണി മാത്യു
പ്രസിഡന്റ്
കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ