university-of-al-dhaid

ഷാർജ: മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് നിരവധി ജോലി സാദ്ധ്യതകൾ തുറന്നുവച്ച് ഷാർജയിൽ പുതിയ സർവ്വകലാശാല ആരംഭിക്കുന്നു. അൽ ദൈദിൽ സർവ്വകലാശാല ആരംഭിക്കുന്നതിന് വേണ്ടി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒപ്പുവച്ചു. വ്യാഴാഴ്ച രാവിലെ അൽ ദൈദ് യൂണിവേഴ്സിറ്റി കെട്ടിടം ഡോ. ഷെയ്ഖ് സുൽത്താന്റെ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം നടന്നത്. കാർഷിക വിഷയങ്ങളാണ് സർവ്വകലാശാലയിൽ കൈകാര്യം ചെയ്യുക.

കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നിവയിൽ വൈദഗ്ധ്യമുള്ള അറബ് മേഖലയിലെ ഒരു ലാഭേച്ഛയില്ലാത്ത ശാസ്ത്ര സ്ഥാപനമായ അൽ ദൈദ് സർവകലാശാലയുടെ സ്ഥാപനം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഷെയ്ഖ് സുൽത്താൻ അറിയിച്ചു. ഗോതമ്പ് ഫാം, സബ സനബെൽ പദ്ധതി, പച്ചക്കറി കൃഷി, ഡയറി ഫാം, സീഡ് ബാങ്ക്, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള ശാസ്ത്രീയ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായുള്ള എല്ലാ സൗകര്യങ്ങളും സർവ്വകലാശാലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വികസനങ്ങൾക്ക് ഉടൻ സാക്ഷ്യം വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അൽ ദൈദ് സർവകലാശാലയുടെ ചാൻസലറായി ഡോ ഐഷ അഹമ്മദ് മുഹമ്മദ് അബു ശ്ലൈബിയെയും അൽ ദൈദ് സർവകലാശാലയിലെ അഗ്രികൾച്ചർ കോളേജ് ഡീനായി ഡോ മെലിസ ഫിറ്റ്സ്‌ജെറാൾഡിനെയും നിയമിച്ചുള്ള ഉത്തരവും പുറത്തുവന്നിട്ടുണ്ട്. ഫാക്കൽറ്റികൾ പഠന മേഖലകൾ ഓരോ വിദ്യാർത്ഥിക്കും തിരഞ്ഞെടുത്ത മേഖലയിൽ പ്രായോഗികമായ അവസരങ്ങൾ ലഭ്യമാക്കുക എന്നിങ്ങനെയുള്ള കാര്യത്തിൽ സർവ്വകലാശാല വേറിട്ടുനിൽക്കുമെന്ന് ഷെയ്ഖ് സുൽത്താൻ അറിയിച്ചു. എട്ട് ഡിപ്പാർട്ടുമെന്റുകളാണ് പുതിയ കാർഷിക കോളേജിന് ഉണ്ടാവുക.

മലയാളികൾക്ക് ജോലി സാദ്ധ്യത
പുതിയ സർവ്വകലാശാല ഷാർജയിൽ ആംരഭിക്കുന്നതോടെ ഏറ്റവും കൂടുതൽ ജോലി അവസരങ്ങൾ തുറക്കുന്നത് ഇന്ത്യക്കാർക്കാണ് പ്രത്യേകിച്ച് മലയാളികൾക്ക്. ഫാക്കൽറ്റികൾ അടക്കമുള്ള ഒട്ടേറെ തസ്തികകൾക്ക് നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. ജോലി അവസരങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സർവ്വകലാശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.