d

തൃശൂർ : ഓൺലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി പ്രവീൺ മോഹനെ (46)​ പൊലീസ് അറസ്റ്റ് ചെയ്തു. മൈ ക്ലബ് ട്രേഡ്‌സ് (എം.സി. ടി)​ എന്ന ആപ്പ് വഴി തൃശൂർ ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ആർ. മനോജ് കുമാറിൻെറ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എ. എം യാസിൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിൻെറ മുഖ്യസൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രവീൺ മോഹൻ. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്.

ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ആപ്പിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം ഇയാൾക്കെതിരെ 29 കേസുകൾ ഉണ്ട്.


2021 കാസർഗോഡ് ജില്ലയിൽ പതിക്കെതിരെ കേസെടുത്തപ്പോൾ ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നും ഗ്രൗൺ ബക്‌സ് എന്നും ആപ്പിന്റെ പേര് മാറ്റി തട്ടിപ്പ് തുടർന്നിരുന്നു. കേസ് പിൻവലിക്കാൻ ,​ നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിന് പകരമായി ഇമാർ കോയിൻ നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു.