
മാലെ: സമുദ്ര ഗവേഷണത്തിന്റെ മറവിൽ ചാരപ്പണിക്കായി ചൈന ഉപയോഗിക്കുന്ന ' ഷിയാംഗ് യാംഗ് ഹോംഗ് 03" എന്ന കപ്പൽ വീണ്ടും മാലദ്വീപ് തീരത്തെത്തിയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ തിലാഫുഷി ഇൻഡസ്ട്രിയൽ ഐലൻഡിലെ ഹാർബറിൽ കപ്പൽ നങ്കൂരമിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ ഒരാഴ്ച മാലദ്വീപിന്റെ വിവിധ തീരങ്ങളിൽ ഈ കപ്പൽ അടുപ്പിച്ചിരുന്നു. കപ്പലിന്റെ മടങ്ങിവരവിന്റെ കാരണം മാലദ്വീപ് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ആദ്യ വരവ് ഇന്ധനം നിറയ്ക്കലിനും ജീവനക്കാരുടെ മാറ്റത്തിനും മറ്റുമെന്നായിരുന്നു വിശദീകരണം. രഹസ്യ സിഗ്നലുകൾ ചോർത്താൻ ശേഷിയുള്ള കപ്പലാണിത്. ചൈനാ വാദിയായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടി കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് കപ്പലിന്റെ മടങ്ങിവരവ് എന്നത് ശ്രദ്ധേയമാണ്.