modi-

മുംബയ്: കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരുണ്ടാക്കി പണം കവരുകയാണ് അവരുടെ ലക്ഷ്യമെന്നും എൻഡിഎ മുന്നണി കഴിഞ്ഞ പത്ത് വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോലാപൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യ മുന്നണിക്കെതിരെ നരേന്ദ്ര മോദി രൂക്ഷവിമർശനം ഉന്നയിച്ചത്.

'രാജ്യത്തെ യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിലാണ് എൻഡിഎ മുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എൻഡിഎ ആത്മനിർഭർ സംരഭങ്ങൾ ആരംഭിച്ചു. യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കുന്നതിനായി സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു'- പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയുടെ ഫുട്‌ബോൾ കേന്ദ്രമാണ് കോലാപൂർ. ഫുട്‌ബോൾ ടെർമിനോളജിയിൽ സംസാരിക്കുകയാണെങ്കിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ അവസാനിച്ചതോടെ ബിജെപി-എൻഡിഎ മുന്നണി 2-0 ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്ത്യ മുന്നണി ദേശവിരുദ്ധ അജണ്ടകൾക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഒരു വർഷത്തിൽ ഒരു പ്രധാനമന്ത്രി
'ഇന്ത്യ മുന്നണി രാജ്യത്ത് അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി റദ്ദാക്കുമെന്നാണ് പറയുന്നത്. മൂന്നക്ക സീറ്റ് തികയ്ക്കാൻ പാട് പെടുന്ന ഇന്ത്യ മുന്നണി എങ്ങനെയാണ് സർക്കാരുണ്ടാക്കുന്നത്. പ്രതിപക്ഷ സഖ്യം രാജ്യത്ത് പുതിയൊരു ഫോർമുല കൂടി സൃഷ്ടിക്കുകയാണ്. ഒരു വർഷത്തിൽ ഒരു പ്രധാനമന്ത്രി. അതായത് അഞ്ച് വർഷത്തേക്ക് അഞ്ച് പ്രധാനമന്ത്രി. കോൺഗ്രസും ഇന്ത്യ മുന്നണിയും കർണാടകയിലും തമിഴ്നാട്ടിലും മറ്റും പ്രസംഗിച്ച് നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാൻ സാധിക്കുമോ?' - പ്രധാനമന്ത്രി പറഞ്ഞു.