കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എം.സി റോഡിൽ ഇന്നലെ രാവിലെ എട്ടരയ്ക്കുണ്ടായ അപകടത്തിൽ കന്യാകുമാരി സ്വദേശി ദിനേഷ് കുമാർ (48), രാത്രി പത്തരയ്ക്ക് കൊട്ടാരക്കര- പുത്തൂർ റോഡിലുണ്ടായ അപകടത്തിൽ കൊട്ടാരക്കര പുലമൺ വെങ്കലത്ത് ഭാഗം കാഞ്ഞിരംവിള വീട്ടിൽ അനന്തു (22) എന്നിവരാണ് മരിച്ചത്.

ദിനേഷ് കുമാറിനൊപ്പമുണ്ടായിരുന്ന അഞ്ചൽ ആലഞ്ചേരി സ്വദേശി രാജനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അനന്തുവിനൊപ്പമുണ്ടായിരുന്ന ബന്ധു ദേവനാഥിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേസ്തിരിപ്പണിക്കാരായ ദിനേഷ് കുമാറും രാജനും ബൈക്കിൽ ഇടയം ഭാഗത്തുനിന്ന് എം.സി റോഡിലേക്ക് കടക്കവേ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അനന്തുവും ദേവനാഥും പുത്തൂർ ഭാഗത്തുനിന്ന് കൊട്ടാരക്കരയ്ക്ക് വരുമ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. വഴിയാത്രക്കാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തുവിനെ രക്ഷിക്കാനായില്ല. ദേവനാഥ് ഗുരുതരാവസ്ഥയിലാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.