
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ അറസ്റ്റിൽ. ഈ മാസം 19ാം തീയതിയാണ് മയക്കുമരുന്നുമായി വിദേശ പൗരനെ പിടികൂടുന്നത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 50ഓളം ക്യാപ്സൂളുകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ ഡിആർഐ റിമാൻഡ് ചെയ്യുന്നത്. ഇയാൾ ലഹരി കടത്തുന്ന വിവരം ഡിആർഐക്ക് ലഭിച്ചിരുന്നു.
കൊച്ചിയിൽ എത്തിയ ഉടൻ ഇയാളുടെ ലഗേജ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതായി സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ക്യാപ്സൂളുകൾ പുറത്തെടുത്തതോടെയാണ് കൊക്കെയിനാണെന്ന് മനസിലായത്. 668 ഗ്രാം കൊക്കെയിനാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.