
ന്യൂയോർക്ക്: യു.എസിൽ കാർ അപകടത്തിൽ ഇന്ത്യൻ വംശജരായ മൂന്ന് സ്ത്രീകൾ മരിച്ചു. സൗത്ത് കാരലൈനയിലെ ഗ്രീൻവിൽ കൗണ്ടിയിലായിരുന്നു സംഭവം. ജോർജിയയിൽ താമസമാക്കിയ ഗുജറാത്ത് സ്വദേശികളായ രേഖാ ബെൻ പട്ടേൽ, മനീഷാ ബെൻ പട്ടേൽ, സംഗീതാ ബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന സ്ത്രീ പരിക്കുകളോടെ ചികിത്സയിലാണ്. നാല് പേരും ബന്ധുക്കളാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച ശേഷം 20 അടി ഉയരത്തിൽ തെറിച്ച് റോഡിന്റെ എതിർ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.