
ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള കരാറിന് ധാരണയിലെത്തിയാൽ തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ഇസ്രയേൽ നടത്താനൊരുങ്ങുന്ന കരയാക്രമണം താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസയിൽ ആറ് മാസം വരെ നീളുന്ന വെടിനിറുത്തലിനായി യു.എസ്, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ തുടരുന്നതിനിടെയാണ് കാറ്റ്സിന്റെ പ്രതികരണം. ബന്ദികളുടെ മോചനത്തിനാണ് തങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. റാഫയിൽ കരയാക്രമണവുമായി മുന്നോട്ടു പോകുമെന്നാണ് നെതന്യാഹു നേരത്തെ വ്യക്തമാക്കിയത്. എന്നാൽ, ബന്ദികളുടെ മോചനം വൈകുന്നതിനെതിരെയും നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടും ഇസ്രയേലിൽ ജനരോഷം ശക്തമാവുകയാണ്. ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്ന റാഫയിൽ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം ഏകദേശം 14 ലക്ഷത്തിലേറെ പേരാണുള്ളത്. റാഫയിലെ കരയാക്രമണം കടുത്ത മാനുഷിക ദുരന്തത്തിന് വഴിവയ്ക്കുമെന്നും മരണസംഖ്യ ഇരട്ടിയാക്കുമെന്നും യു.എസ് അടക്കം ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 34,300ലേറെ പാലസ്തീനികളാണ് ഒക്ടോബർ മുതൽ ഗാസയിൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.