
കോട്ടയം: ചീട്ടുകളിയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിന് ദാരുണാന്ത്യം. പാലാ കൊല്ലപ്പളളി മങ്കര സ്വദേശി ലിബിൻ ജോസാണ് (26) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. പാലായിലുളള ബന്ധുവിന്റെ കുഞ്ഞിന്റെ ആദ്യ കുർബാനയ്ക്ക് എത്തിയതായിരുന്നു യുവാവും സുഹൃത്തുക്കളും.
ഇതിനിടെ രാത്രിയിൽ ചീട്ടുകളിയും മദ്യപാനവും ഉണ്ടായി. ഈ സമയം ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഒടുവിൽ ലിബിനെ അഭിലാഷ് എന്ന യുവാവ് കത്രികയുപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഭിലാഷും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട്ട് ഓട്ടോ ഡ്രൈവർ ആക്രമണത്തിൽ മരിച്ചു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കർ റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഓട്ടോയിൽ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിക്കുന്നുണ്ട്.