dresses

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും വൻതോതിൽ വസ്ത്രങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുവമ്പാടി പൊന്നാങ്കയം സ്വദേശിയായ കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വസ്ത്രങ്ങൾ പിടികൂടിയത്.

ഫ്ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കേസ്.ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. തിരുവമ്പാടി മണ്ഡലത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ് തിരുവമ്പാടി ഉൾപ്പെടുന്നത്.

ബുധനാഴ്ച രാത്രി സുൽത്താൻബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നും 1500ഓളം ഭക്ഷ്യകിറ്റുകൾ പിടികൂടിയിരുന്നു. പിക്കപ്പ് ജീപ്പിൽ കയറ്റികൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടിച്ചെടുത്തത്. ഭക്ഷ്യകിറ്റുകൾ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്ന് അറിയില്ലെന്നാണ് ജീപ്പിലെ ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബിസ്കറ്റുകൾ,​ ചായപ്പൊടി തുടങ്ങിയവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവച്ച നിലയിലായിരുന്നു. കുറേകിറ്റുകൾ ജീപ്പിൽ കയറ്റിയ നിലയിലും കുറെ കിറ്റുകൾ കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. കിറ്റുകൾ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്നും ആർക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത ഉണ്ടായിരുന്നു.

സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി സിപിഎം രംഗത്തെത്തിയിരുന്നു. വോട്ടർമാരെ സ്വാധീനിക്കാനായി സുൽത്താൻബത്തേരിയിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനാണ് ബിജെപി കിറ്റ് കൊണ്ടുവന്നതെന്നാണ് സിപിഎം ആരോപിച്ചത്. നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ട് കിട്ടില്ലെന്നും അതുകൊണ്ട് ഭക്ഷ്യകിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു.