
ചെന്നൈ: ആറ് വർഷം മുൻപ് നടത്തിയ വിധിപ്രസ്താവനയിൽ തെറ്റുണ്ടായെന്നും അത് പുനഃപരിശോധിക്കപ്പെടണമെന്നും അറിയിച്ച് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് രംഗത്ത്. കഴിഞ്ഞ ദിവസം മദ്രാസ് ബാർ അസോസിയേഷൻ അക്കാദമിയും രാകേഷ് ലോ ഫൗണ്ടേഷനും സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് അദ്ദേഹം തുറന്നുപറച്ചിൽ നടത്തിയത്. നിങ്ങൾ ഒരു തെറ്റ് ചെയ്തുവെന്ന് മനസിലാക്കുകയും അത് തിരുത്താൻ തയ്യാറാകുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മാറ്റം ഉണ്ടാകുന്നതെന്ന് ആനന്ദ് വെങ്കിടേഷ് കൂട്ടിച്ചേർത്തു.
2018 ജൂൺ നാലിന് ഹൈക്കോടതി ജഡ്ജിയായതിനുശേഷം സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് എം എം സുന്ദരേഷിന്റെ ബെഞ്ചിലായിരുന്നു തുടക്കം. അദ്ദേഹം എന്നെ ഏറെ പ്രോത്സാഹിപ്പിക്കുകയും വിധിന്യായങ്ങൾ എഴുതാൻ അനുവദിക്കുകയും ചെയ്തിരുന്നുവെന്നും ആനന്ദ് വെങ്കിടേഷ് പറഞ്ഞു. അതിനിടയിൽ ഒരു ഡിവിഷൻ ബെഞ്ച് പങ്കിടാൻ അവസരം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
2018 ജൂലായ് 23ന് പി കല്യാണ ചക്രവർത്തിക്കെതിരായ ഹർഷ എസ്റ്റേറ്റ് കേസിലെ തന്റെ വിധിപ്രസ്താവനയിലാണ് തെറ്റുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആ സമയം ജഡ്ജിയായിട്ട് ഒരു മാസമേയായിരുന്നുളളൂവെന്നും പുതിയ ജഡ്ജിയായതിന്റെ ആവേശത്തിലാണ് വിധിയെഴുതിയതെന്നും ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. 'വിധിയിൽ ഞാൻ മുന്നോട്ടുവച്ച കാര്യങ്ങൾ പുനഃപരിശോധിക്കപ്പെടണം. മുതിർന്ന അഭിഭാഷകൻ ആർ പാർത്ഥസാരഥി ഈ വിഷയത്തിൽ എഴുതിയ ലേഖനം വായിക്കുകയും അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പിഴവ് മനസിലായത്'- അദ്ദേഹം പറഞ്ഞു.