
ആസാമിലെ കാമാഖ്യക്ഷേത്രത്തിൽ നിർമ്മിക്കുന്ന കാമാഖ്യ കോറിഡോറിനെ വിമർശിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആർ. രാമാനന്ദ്. കാമാഖ്യയിൽ നിർമ്മിക്കുന്ന കാമാഖ്യ കോറിഡോറിനെ തനി തോന്നിവാസം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു സൂക്ഷ്മസ്ഥലിയുടെ പ്രാധാന്യമോ അതിന്റെ ആവാസവ്യവസ്ഥയോ മനസിലാക്കാതെ ' വികസനം' എന്ന പേരിൽ തോന്നിവാസം നടത്തരുത്. കാശി വിശ്വനാഥന്റെ ചുറ്റുമുള്ള സൂക്ഷ്മങ്ങളായ അനവധി ലിംഗങ്ങളെ ഇതുപോലെ നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. വളർച്ചയും വികസനവും സംസ്കൃതിയുടെ മൂലബിംബങ്ങളെ നിലനിർത്തിക്കൊണ്ടാവണം. ഇതിനും മാതൃക വിദേശത്ത് നിന്ന് എടുക്കേണ്ടി വരുന്നു എന്നുള്ളത് ലജ്ജാവഹമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. നടൻ മോഹൻലാലിനൊപ്പം രാമാനന്ദ് കാമാഖ്യാ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര നടത്തിയിരുന്നു.
വാരാണസിയിലെ കാശി-വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ മാതൃകയിൽ കാമാഖ്യ ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പദ്ധതിയാണ് കാമാഖ്യ കോറിഡോർ. ഭിന്നശേഷിക്കാർക്കും പ്രായമായ ഭക്തർക്കും വിനോദസഞ്ചാരികൾക്കും എളുപ്പം ക്ഷേത്ര ദർശനം സാദ്ധ്യമാക്കുകയും ക്ഷേത്രത്തിന്റെ മഹത്വത്തെ വർദ്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഒരു സുപ്രധാന സംരംഭം എന്നാണ് പ്രധാനമന്ത്രി പദ്ധതിയെ വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
കാമാഖ്യ പോയി വന്നു. എന്നും ഉള്ളതുപോലെ തന്നെ ഉള്ളിൽ അഭൂതമായ അനുഭൂതികളുടെ പ്രവാഹം . ഒപ്പം ഒരുപാടുപേർ എന്നോട് കാമാഖ്യയിൽ നിർമ്മിക്കുന്ന പുതിയ കോറിഡോർ ''കാമാഖ്യ കോറിഡോർ'' നെ ക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. ഒരൊറ്റ അഭിപ്രായമേ ഉള്ളൂ തനി 'തോന്നിവാസം'.
ഒരു സൂക്ഷ്മസ്ഥലിയുടെ പ്രാധാന്യമോ അതിന്റെ ആവാസവ്യവസ്ഥയോ മനസിലാക്കാതെ ' വികസനം' എന്ന പേരിൽ തോന്നിവാസം നടത്തരുത്. കാശി വിശ്വനാഥന്റെ ചുറ്റുമുള്ള സൂക്ഷ്മങ്ങളായ അനവധി ലിംഗങ്ങളെ ഇതുപോലെ നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. വളർച്ചയും വികസനവും സംസ്കൃതിയുടെ മൂലബിംബങ്ങളെ നിലനിർത്തിക്കൊണ്ടാവണം. ഇതിനും മാതൃക വിദേശത്ത് നിന്ന് എടുക്കേണ്ടി വരുന്നു എന്നുള്ളത് ലജ്ജാവഹമാണ്.
അയോധ്യ പുതുതായി നിർമ്മിച്ച ഒരു ഇടമാണ്, അവിടെ ആധുനികതയുടെ മനോഹാരിത മുഴുവൻ കൊണ്ടുവന്ന് ലോകത്തെ വിസ്മയിപ്പിക്കാൻ സാധിക്കും. പക്ഷേ കാമാഖ്യയും കാശിയും ഇനിയും നാം അറിയാത്ത ഒരായിരം ശക്തി കേന്ദ്രങ്ങൾ ഭാരതത്തിലുണ്ട്, അവയെ ആണ് ഊർജ്ജത്തിന്റെ അനശ്വര പ്രവാഹം എന്ന് നാം പണ്ടുമുതലേ വിളിച്ചു പോന്നിട്ടുള്ളത്, ആ ഊർജ്ജ ബിന്ദുക്കളുടെ സംയോജിത രൂപമാണ് ഊറ്റം കൊള്ളുന്ന രാഷ്ട്രം എന്ന് മറന്നു പോകരുത്. മാർബിളും ഗ്രാനൈറ്റും പതിക്കൽ അല്ല സംസ്കൃതിയുടെ തിരിച്ചുവരവ്. മലയാളികൾ കാവുകൾ ക്ഷേത്രം ആക്കി മാറ്റുന്നതുപോലെ ബോധ ശൂന്യമായ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് നമ്മൾ ഉടനടി പുനർവിചിന്തനം നടത്തേണ്ടതാണ്.