usman-ghani

ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപരാമർശത്തെ വിമർശിച്ച ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ. മുസ്ലീം മോർച്ച നേതാവായ ഉസ്‌മാൻ ഘനിയെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. മോദിയുടെ മുസ്ളീം വിരുദ്ധ പരാമർശത്തെ വിമർശിച്ചതിന് പിന്നാലെ ഘനിയെ മുസ്ളീം മോർച്ചയിൽ നിന്ന് ബിജെപി പുറത്താക്കിയിരുന്നു.

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാണ് ഘനിക്കെതിരെ കേസ് എടുത്തതെന്നും അറസ്റ്റ് ചെയ്തതെന്നുമാണ് ബിക്കാനീർ പൊലീസ് വിശദീകരിക്കുന്നത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിക്കിടെ മോദി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് മുസ്ളീങ്ങൾക്ക് നൽകുമെന്നായിരുന്നു മോദിയുടെ പ്രസംഗം. 'കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് മാവോയിസ്റ്റ് വാദമാണ്. അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുകൊടുക്കും. ആ പണം കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യും' എന്നായിരുന്നു മോദിയുടെ വിവാദ പരാമർശം. ഇതിനെതിരെ വലിയ സമ്മർദ്ദം ഉയർന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിയോട് വിശദീകരണം തേടിയിരിക്കുകയാണ്.

മോദിയുടെ പരാമർശത്തെ ഘനി ശക്തമായി വിമർശിച്ചിരുന്നു. 'സമ്പത്ത് പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് വിതരണം ചെയ്യുന്നുവെന്ന മോദിയുടെ പ്രസ്‌താവന നിരാശാജനകമാണ്. ഞാനും ഒരു ബിജെപി അംഗമാണ്. മുസ്ളീങ്ങൾക്കിടയിൽ വോട്ട് ചോദിച്ച് പോകുമ്പോൾ അവർ എന്നോട് പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ചോദിക്കുന്നു. ഞാൻ കുഴങ്ങിപ്പോവുകയാണ്. ഇത്തരത്തിൽ ഇനി സംസാരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതും'- എന്നായിരുന്നു ഘനി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് ആറുവർഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എബിവിപി പ്രവർത്തകനായിരുന്ന ഘനി 2005ലാണ് ബിജെപിയിൽ ചേരുന്നത്. തുടർന്ന് ബിക്കാനീർ ജില്ലയിലെ ന്യൂനപക്ഷ മോർച്ചയുടെ ‌ചുമതല വഹിച്ചുവരികയായിരുന്നു.