കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിൽ സുനിലെന്ന ക്യാമറാമാന്റെ സംഭാവന പ്രധാനപ്പെട്ട കാര്യമാണെന്ന് ലണ്ടൻ ലേഖകൻ മണമ്പൂർ സുരേഷ്. പ്ലാനറ്റ് സർച്ച് വിത്ത് എംഎസ് എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ചുളള നിരീക്ഷണം പങ്കുവച്ചത്. ആടുജീവിതം തീയറ്റുകളിലെത്തിയതോടെ പലതരത്തിലുളള വാർത്തകളാണ് പുറത്തുവരുന്നതെന്നും മണമ്പൂർ സുരേഷ് പറഞ്ഞു.

'ബ്ലസി കാണാത്ത മരുഭൂമികൾ ഇല്ലെന്നാണ് ചിത്രം പുറത്തുവന്നതോടെ പറയുന്നത്. അസ്തമയ സമയത്തെ ഷോട്ടിനുവേണ്ടി ഒരുപാട് ദിവസം ജോർദ്ദാനിൽ ചെലവഴിച്ചു. മൂന്ന് രീതിയിൽ കഥാപാത്രങ്ങൾ ദൈവത്തെ വിളിക്കുന്നത് ചിത്രത്തിൽ കാണാം. നജീബ് ദൈവത്തെ വിളിക്കുന്നുണ്ട്. അതുപോലെ നജീബിന്റെ സുഹൃത്തായ ഹക്കീമും രക്ഷപ്പെടാനായി ദൈവത്തെ വിളിക്കുന്നുണ്ട്. നജീബിനെ അടിമയാക്കി മാറ്റിയ അറബിയും ദൈവത്തെ വിളിക്കുന്നത് ചിത്രത്തിൽ കാണാം. അടിമത്വമാണ് ആടുജീവിതത്തിൽ കാണാൻ സാധിക്കുന്നത്. പുസ്തകം വായിക്കുമ്പോഴും ഈ പ്രശ്നം മനസിലാക്കാൻ സാധിക്കും.അതിനാൽ തന്നെ പല അറേബ്യൻ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നത് നിരോധിച്ചിരുന്നു'- മണമ്പൂർ സുരേഷ് പറഞ്ഞു.