
വിപണിയിൽ മാമ്പഴങ്ങളുടെ ചാകരയാണ്. പക്ഷേ ശ്രദ്ധിച്ചു വാങ്ങണം. പാകമാകാത്ത മാങ്ങ കൃത്രിമമായി പഴുപ്പിച്ചെടുത്താണ് പലരും വിൽക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് കൂടുതലും മാമ്പഴം എത്തുന്നത്. ചൂടുകൂടിയതിനാൽ കേരളത്തിൽ മാവുകൾ ശരിയായി പൂക്കുന്നില്ല. വീടുകളിൽ നിന്ന് മൊത്തത്തിൽ വാങ്ങുന്ന മാങ്ങകളിൽ വിളവെത്താത്തവയും ധാരാളം ഉണ്ടാകും. ഇവ പ്രത്യേക രീതിയിൽ പഴുപ്പിച്ചാണ് വിൽക്കുന്നത്. കാൽസ്യം കാർബൈഡാണ് സാധാരണയായി മാങ്ങാ പഴുപ്പിക്കാനായി ഉപയോഗിക്കുന്നത് . ഇതിന്റെ ഉപയോഗവും വിതരണവും 2011 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
പഴുപ്പിക്കാനായി കാൽസ്യം കാർബൈഡ് അടങ്ങിയ ചെറിയ പായ്ക്കുകൾ മാങ്ങയോടൊപ്പം വയ്ക്കും. ഈ രാസവസ്തു ഈർപ്പവുമായി സമ്പർക്കം പുലർത്തുമ്പോൾ അസെറ്റിലിൻ വാതകം ഉല്പാദിപ്പിക്കപ്പെടുന്നു. സാധാരണ രീതിയിൽ മാങ്ങാ പഴുക്കുന്ന പ്രക്രിയയിൽ വരുന്ന എഥിലീൻ വാതകത്തിന് സമാനമാണ് ഇതെന്ന് പറയപ്പെടുന്നു. കാൽസ്യം കാർബൈഡിന് പുറമെ എഥിലീൻ പൗഡർ പോലുള്ള നിരവധി രാസവസ്തുക്കളും മാമ്പഴം കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
തിരിച്ചറിയാം നിറത്തിലൂടെ
കൃത്രിമമായി പഴുപ്പിച്ച മാങ്ങയുടെ ഉപരിതലത്തിൽ മഞ്ഞയും പച്ചയും കലർന്ന നിറങ്ങൾ വേറിട്ട് നിൽക്കുന്നതായി കാണാം. എന്നാൽ തനിയെ പഴുത്ത മാങ്ങകളിൽ ഈ നിറങ്ങൾ കൂടിക്കലർന്ന വിധത്തിലാവും കാണപ്പെടുന്നത് . കൃത്രിമമായി പഴുപ്പിച്ച മാമ്പഴം മുറിക്കുമ്പോൾ അതിന്റെ തൊലിയോട് ചേർന്ന ഭാഗത്തിന്റെ നിറം ഉൾഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും.സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന്റെ നിറം ഒരേപോലെയായിരിക്കും. തമിഴ്നാട്ടിൽ നിന്നുള്ള നീലം, പഞ്ചവർണം, സിന്ദൂര, മൽഗോവ, ആന്ധ്രപ്രദേശിൽ നിന്നുള്ള സപ്പോട്ട, റുമാനിയ, പ്രിയൂർ എന്നീ ഇനങ്ങളാണ് കൂടുതലായി വിപണിയിൽ എത്തുന്നത്.