gold

കൊച്ചി: ആഗോള വിപണിയുടെ ചുവട് പിടിച്ച് തുടർച്ചയായ രണ്ടാം ദിനത്തിലും സ്വർണ വില മുകളിലേക്ക് നീങ്ങി, ഇന്നലെ കേരളത്തിലെ സ്വർണ വില പവന് 160 രൂപ വർദ്ധിച്ച് 53,480 രൂപയിലെത്തി. ഗ്രാമിന്റെ വില 20 രൂപ കൂടി 6,685 രൂപയായി. വെള്ളിയാഴ്ച സ്വർണം പവന് 53,320 രൂപയിലായിരുന്നു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിഞ്ഞുവെങ്കിലും അമേരിക്കയിലെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളാണ് സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. കഴിഞ്ഞ മാസം നാണയപ്പെരുപ്പം കുത്തനെ കൂടിയതോടെ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. അമേരിക്കയിലെ പ്രമുഖ ബാങ്കായ റിപ്പബ്ലിക്ക് ഫസ്റ്റ് ബാങ്കിന് കഴിഞ്ഞദിസവമാണ് പൂട്ടുവീണത്.

ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങുമ്പോൾ പവന് 58,000 രൂപയിലധികം ഉപഭോക്താക്കൾ മുടക്കേണ്ടി വരും. സ്വർണ വിലയിലെ ചാഞ്ചാട്ടം നിക്ഷേപകർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത പരിഗണിച്ച് സ്വർണത്തിന് വില കുതിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞിരുന്നു.ഇതെല്ലാം ശരിവയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.