h

എട്ടു മണിക്കൂർ ജോലി, ന്യായമായ വേതനം.... ഈ ആവശ്യങ്ങൾ ഉന്നയിച്ച് 1886 മേയ് ഒന്നു മുതൽ അമേരിക്കയിലെ ചിക്കാഗോയിലും,​ കാനഡയിലും നടന്ന തൊഴിലാളി പണിമുടക്കിന്റെ ഓർമ്മദിനമാണ് മേയ് ഒന്ന്. പതിനായിരക്കണക്കിനു തൊഴിലാളികൾ പങ്കെടുത്ത ഈ പണിമുടക്കിന്റെ വിജയത്തിൽ പരിഭ്രാന്തരായ തൊഴിലുടമകളും പോലീസും ചേർന്ന് രണ്ടാം ദിവസം മുതൽ തൊഴിലാളികളെ ആക്രമിച്ച് സംഘർഷത്തിനു തുടക്കമിട്ടു. സംഘട്ടനങ്ങളും പൊലീസ് മർദ്ദനങ്ങളും വെടിവയ്പുമുണ്ടായി. പണിമുടക്ക് നാലാം ദിവസത്തിലേക്കു കടന്നപ്പോൾ പ്രതിഷേധവും ഏറ്റുമുട്ടലുകളും രൂക്ഷമായി. ഇതിനിടെ വെടിവയ്പിൽ ആറ് തൊഴിലാളികളും ഏഴു പൊലീസുകാരും കൊല്ലപ്പെട്ടു.

പണിമുടക്ക് സർക്കാർ നിരോധിച്ചു. തൊഴിലാളികളുടെ വീടുകളിൽ വ്യാപകമായ റെയ്ഡും ക്രൂരമർദ്ദനങ്ങളും അരങ്ങേറി. പണിമുടക്കിനു നേതൃത്വം നൽകിയ ഏഴ് തൊഴിലാളികളെ കൊലക്കുറ്റം ചുമത്തി തുറുങ്കിലടച്ചു. നിയമനടപടികൾ വേഗത്തിലാക്കിയ സർക്കാരും കോടതിയും 1887 നവംബർ 11- ന് ഈ തൊഴിലാളികളെ പരസ്യമായി തൂക്കിലേറ്റി. 'ഞങ്ങളുടെ നിശബ്ദത,​ ഇന്ന് നിങ്ങൾ അവസാനിപ്പിക്കുന്ന ഞങ്ങളുടെ ശ്വാസോച്ഛോസത്തെക്കാൾ വലിയ ശക്തിയായി വരുന്ന ഒരു ദിവസം വരും!" തൂക്കുകയർ കഴുത്തിൽ അണിയിച്ചപ്പോൾ തൊഴിലാളികൾ പറഞ്ഞ ഈ വാക്കുകൾ,​ തൊഴിലെടുത്തു ജീവിക്കുന്ന ലോകമെങ്ങുമുള്ളവർക്ക് ആവേശവും പ്രതീക്ഷയുമാണ്.

അമേരിക്കയിലെ

തൊഴിലാളി ദിനം


ഇതിനു പിന്നാലെ,​ മറ്റു രാജ്യങ്ങളിൽ മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങി. എന്നാൽ ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും മേയ് ഒന്ന് തൊഴിലാളി ദിനമായി ഇന്നും അംഗീകരിച്ചിട്ടില്ല. അതിന് അമേരിക്ക സമ്മതിക്കുകയുമില്ല. കാരണം,​ തൊഴിലാളി പ്രക്ഷോഭത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും സ്മരണകൾ തലമുറകളിലൂടെ ഓർമ്മിക്കപ്പെടുന്നത് രാജ്യത്ത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമെന്ന് ഭരണകൂടം ഭയക്കുന്നു. അതിനാൽ,​ സമരത്തിനു നേതൃത്വം കൊടുത്ത തൊഴിലാളികളെ തൂക്കിലേറ്റുന്നതിനു മുമ്പായി 1887 സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആഘോഷിക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഗ്രോവെർ ക്ളീവ്‌ലന്റ് ഉത്തരവിട്ടു. അതുകൊണ്ട് അമേരിക്കയിലും കാനഡയിലും ഇന്നും സെപ്റ്റംബറിലാണ് തൊഴിലാളിദിനം!

1886- ൽ മേയ്ദിന പ്രക്ഷോഭം നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയോ കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനയോ ചിക്കാഗോയിൽ ഇല്ലായിരുന്നു. റഷ്യയിലും ചൈനയിലും കാനഡയിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിറക്കുന്നതിനും മുമ്പായിരുന്നു തൊഴിലാളികളുടെ അവകാശബോധത്തിനും സംഘടിതവീര്യത്തിനും അമേരിക്കയും കാനഡയുംസാക്ഷ്യം വഹിച്ചതെന്ന് അർത്ഥം. ചിക്കാഗോയിലെ മേയ് ദിന പ്രക്ഷോഭം പണിയെടുക്കുന്നവന്റെ വേദനയിൽ നിന്ന് ഉയിരെടുത്ത ഹൃദയം തുടിക്കുന്ന ജീവിതസമരമായിരുന്നു.

കോർപറേറ്റ്

എക്കോണമി


ലോകം എന്നും സമ്പന്നരുടെയും, ആധുനിക ലോകം അതിസമ്പന്നരായ കോർപ്പറേറ്റുകളുടെയും അധീനതയിലാണ്. എല്ലാ ഭരണകൂടങ്ങളും ഇവരുടെ പക്ഷത്താണ്. അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധൻ ആഡം സ്മിത്തിന്റെ മാർക്കറ്റ് എക്കോണമി എന്ന സാമ്പത്തികനയ ഭാവനകളാണ് ഇവരെ നയിക്കുന്നത്. ഭരണകൂടം തങ്ങളുടെ രാജ്യസംരക്ഷണ പ്രതിരോധത്തിലും, ക്രമസമാധാനപാലനത്തിലും, നീതിന്യായ നടപടികളിലും, നികുതി പിരിവിലും, പശ്ചാത്തല സൗകര്യ വികസനത്തിലും മാത്രം ശ്രദ്ധിക്കുക; മറ്റെല്ലാ കാര്യങ്ങളും വിപണിക്കും സമൂഹത്തിനുമായി വിട്ടുകൊടുക്കുക- ഇതാണ് ആഡം സ്മിത്ത് തന്റെ വെൽത്ത് ഒഫ് നേഷൻസ് എന്ന വിഖ്യാതമായ സാമ്പത്തികശാസ്ത്ര രചനയിലൂടെ മുന്നോട്ടു വച്ചിട്ടുള്ള ആശയം. ഇന്ത്യയ്ക്ക് ആഡം സ്മിത്തിന്റെ ഈ സാമ്പത്തികശാസ്ത്രം ചേരുകയില്ലെന്നു മനസ്സിലാക്കിയ ജവഹർലാൽ നെഹ്റു ഈ സാമ്പത്തിക നയത്തിന്റെ പരീക്ഷണശാലയാക്കുവാൻ രാജ്യത്തെ അനുവദിച്ചില്ല. പകരം ഫാബിയൻ സോഷ്യലിസത്തെ (സമ്മിശ്ര സമ്പദ്‌വ്യവസ്ഥ) അദ്ദേഹം തിരഞ്ഞെടുത്തു.

ആധുനിക

അടിമത്തം

തൊഴിലാളികൾ ആധുനിക അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നതാണ് പുതിയ സാഹചര്യം. ലോകത്തിനു തന്നെ മാതൃകയായ തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതികൾ ഉൾക്കൊള്ളുന്ന 29 തൊഴിലാളി സംരക്ഷണ നിയമങ്ങൾ റദ്ദു ചെയ്ത്,​ കോർപറേറ്റുകൾക്ക് ചൂഷണവഴിയൊരുക്കാൻ പാകത്തിൽ നാല് തൊഴിൽ കോഡുകൾ നടപ്പാക്കുന്നു. ശമ്പളപരിധി ഉയർത്താത്തതു മൂലം പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ബോണസ്സ് എന്നീ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നഷ്ടമായി. തൊഴിലാളി പാർലമെന്റ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇൻഡ്യൻ ലേബർ കോൺഫറൻസിനെ വിസ്മൃതിയിലാക്കി. ചുരുക്കത്തിൽ,​ മേയ് ദിന പ്രക്ഷോഭ കാലഘട്ടത്തിലെ അടിമ സമാനമായ ആധുനിക അടിമത്തത്തിലാണ് ഇന്ത്യൻ തൊഴിലാളികൾ ഇന്ന്.

ഏറ്റവും താഴ്ന്ന സർക്കാർ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ വേതനം ദേശീയ മിനിമം വേതനമായി നിശ്ചയിക്കപ്പെടണം. സംഘടിത മേഖലയിൽ ലാൻഡ്- ലേബർ- കാപ്പിറ്റൽ എന്ന അടിസ്ഥാന ഘടകങ്ങളെ അംഗീകരിച്ച് ഉത്പാദനം- ഉത്പാദനക്ഷമത- ലാഭം അടിസ്ഥാനമാക്കി ഫെയർ വേതനവും, ലീവിംഗ് വേതനവും നിശ്ചയിക്കപ്പെടണം. വികസിത രാജ്യങ്ങളിലെപ്പോലെ സമ്പൂർണ സാമൂഹ്യ സുരക്ഷാ നിധി രൂപീകരിക്കപ്പെടണം. ഈ നിധിയിൽ തൊഴിലെടുപ്പിക്കുന്നവർ വേതനത്തിന്റെ മുപ്പത് ശതമാനവും,​ തൊഴിലാളി പതിനഞ്ച് ശതമാനവും നിർബന്ധമായും നിക്ഷേപിക്കണം. അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന തുകകളും, ചില വിശ്വാസ- ആചാരങ്ങളുടെ പേരിൽ പലിശ കൈപ്പറ്റാതിരിക്കുന്നവരുടെ പലിശ തുകയും ഈ നിധിയിൽ ചേർക്കപ്പെടണം. വികസിത രാജ്യങ്ങളിൽ ഈ രീതി തുടരുമ്പോൾ ഇന്ത്യൻ തൊഴിലാളികൾക്കും ഇതിന് എന്തുകൊണ്ടും അർഹതയുണ്ട്. ഇതിനായി ശബ്ദമുയർത്തുമെന്ന് ഈ തൊഴിലാളി ദിനത്തിൽ പ്രതിജ്ഞ ചെയ്യണം.