
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് നായകൻ രോഹിത് ശർമ. ബിസിസിഐയുടെ എ പ്ളസ് ഗ്രേഡ് കരാറുള്ള കളിക്കാരൻ. കോടികളാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. മറ്റ് പല താരങ്ങളെയും പോലെ വാഹനങ്ങളോട് ഏറെ കമ്പമുള്ളയാളാണ് രോഹിത്. സ്വന്തമായി നിരവധി ആഡംബര വാഹനങ്ങൾ അദ്ദേഹത്തിനുണ്ട്. ലംബോർഗിനി ഉറൂസ്, ബിഎംഡബ്ള്യു 7 സീരീസ്, ബിഎംഡബ്ള്യു X5, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെർസിഡീസ് GL350 CDI എന്നിവയാണ് അതിൽ ചിലത്. എന്നാൽ ഇത്രയും ആഡംബര വാഹനങ്ങൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും മാരുതി കാറിൽ സഞ്ചരിക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
മാരുതിയുടെ മിഡ്‌സൈസ് എസ് യു വിയായ ഗ്രാൻഡ് വിറ്റാരയിൽ രോഹിത് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രോഹിത് ശർമ എത്ര സിംപിൾ ആണ് എന്ന തരത്തിലാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾക്ക് പിന്നാലെ താരത്തിന്റെ എളിമയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് രോഹിതിന്റെ കാർ അല്ലെന്നും മറ്റാരുടെയെങ്കിലും വാഹനത്തിൽ യാത്ര ചെയ്തതാകാമെന്നുമാണ് മറ്റുചിലർ കമന്റ് ചെയ്യുന്നത്.
ഏറെ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നാണ് ഗ്രാൻഡ് വിറ്റാര. ആവശ്യക്കാരുടെ ആധിക്യംമൂലം ബുക്കിംഗ് പോലും കുറയ്ക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഏറെ പ്രിയപ്പെട്ട വാഹനനിർമാതാക്കളായ മാരുതി മുന്നോട്ടുവച്ച ഉയർന്ന മൈലേജ് തന്നെയാണ് വിറ്റാരയുടെ സവിശേഷത. ഇതിനായി ഇന്റലിജന്റ് ഇലക്‌ട്രിക് ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളത്. 13.38 ലക്ഷം മുതൽ 25.71 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില.
ഇന്ത്യയിലെ തന്നെ ഏറ്റവും മൈലേജുള്ള എസ് യു വിയാണിത്. 27.97 കിലോമീറ്റര്‍/ ലിറ്റർ മൈലേജ് ആണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ എഞ്ചിനാണ് സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കിയിരിക്കുന്നത്. ഈ എഞ്ചിൻ 92 ബിഎച്ച്പി പവറും 122 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബിഎച്ച്‌പി പവറും 141 എന്‍എം ടോര്‍ക്കുമാണ് ഉത്‌പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയൺ ബാറ്ററിയാണ് ഇതിലുള്ളത്.
മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ 103 ബിഎച്ച്പി പവറും 137 എന്‍എം ടോര്‍ക്കുമാണ് ഉത്‌പാദിപ്പിക്കുന്നത്. വിറ്റാരയുടെ സിഎന്‍ജി പതിപ്പും വിപണിയില്‍ എത്തിയിരുന്നു. 1.5 ലിറ്റര്‍ എഞ്ചിൻ കരുത്തേകുന്ന ഈ മോഡല്‍ 87.83 പിഎസ് പവറും 121.5 എന്‍എം ടോര്‍ക്കുമാണ് ഉത്‌പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇതുള്ളത്. ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഉറപ്പുനല്‍കുന്നത്.