karela-

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 6.68 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. ഇത് കാപ്‌സ്യൂൾ രൂപത്തിലാക്കി വി​ഴുങ്ങി​ എത്തി​യ കെനിയൻ സ്വദേശി കരേല മൈക്കിൾ നംഗയെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ ഇയാളെയും ബാഗേജുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തായില്ല. തുടർന്ന് അങ്കമാലി ലി​റ്റി​ൽ ഫ്ളവർ ആശുപത്രി​യി​ൽ കൊണ്ടുപോയി​ പരി​ശോധി​പ്പി​ച്ചു. എക്സ്‌റേയിൽ വയറി​​നുള്ളി​ൽ ചി​ല പൊതി​കൾ കണ്ടെത്തി​യപ്പോൾ അങ്കമാലി​ അപ്പോളോ ആശുപത്രി​യി​ലേക്ക് മാറ്റി​. ഡോക്ടർമാരുടെയും മെഡി​ക്കൽ സ്റ്റാഫി​ന്റെയും ഒരാഴ്ചത്തെ പരി​ശ്രമത്തിനൊടുവി​ലാണ് ഇയാൾ വി​ഴുങ്ങി​യി​രുന്ന 50 കാപ്‌സ്യൂളുകൾ പുറത്തെടുത്തത്. ഇവയിൽ ​ 668 ഗ്രാം കൊക്കെയ്‌നുണ്ടായി​രുന്നു.അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തി​ലെ കാരി​യറാണ് പ്രതി​.

ഇന്നലെ അങ്കമാലി​ ജുഡിഷ്യൽ മജി​സ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയി​ലി​ലേക്ക് റിമാൻഡ് ചെയ്തു.

അന്വേഷണം പുരോഗമി​ക്കുകയാണെന്ന് ഡി​.ആർ.ഐ. അറി​യി​ച്ചു. സമാനമായ മയക്കുമരുന്ന് കടത്തി​നെ തുടർന്ന് കൊച്ചി​ അന്താരാഷ്ട്ര വി​മാനത്താവളം കർശന നി​രീക്ഷണത്തി​ലാണ്. അടുത്ത ദി​വസം തന്നെ കരേലയെ ഡി​.ആർ.ഐ കസ്റ്റഡി​യി​ൽ വാങ്ങും. ഇയാളുടെ ഫോണുകൾ കേന്ദ്രീകരി​ച്ച് അന്വേഷണം നടക്കുകയാണ്.