
സ്റ്റൈലിഷ് ലുക്കിൽ ചിത്രം പങ്കുവച്ച് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. വെള്ള ടീഷർട്ടും ബ്ളൂ ജീൻസും അണിഞ്ഞ് തലയിൽ കൗബോയ് ഹാറ്റും കണ്ണടയും അണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് മിനിട്ടുകൾക്കകം തന്നെ ലൈക്കുകളും കമന്റുകളും നിറഞ്ഞിരിക്കുകയാണ്. റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് അനേകം രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. 'പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ, ഇതുപോലെ ഓരോ തന്തമാർ ഉണ്ടായാൽ മതി, മക്കളേ കംപ്ളീറ്റ് സമാധാനോം പോവ്വാൻ, ഹലോ ഫയർ സ്റ്റേഷൻ ഇവിടെ ഒരാൾ സോഷ്യൽ മീഡിയക്ക് തീവെക്കുന്നു, നിങ്ങൾ ഇതെന്തു ഭാവിച്ചാണ് ഇക്കാ'- എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
കഴിഞ്ഞദിവസം ടർബോ ലുക്കിൽ വോട്ട് ചെയ്യാനെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഉച്ചതിരിഞ്ഞ് ഭാര്യ സുൽഫത്തിനൊപ്പം കാറോടിച്ചാണ് താരം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് എൽ.പി സ്‌കൂളിലെ 64-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തത്. എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈൻ, സംവിധായകൻ സീനു സോഹൻലാൽ, നിർമ്മാതാവ് എൻ.എം.ബാദുഷ എന്നിവർ ആസമയം ബൂത്തിലുണ്ടായിരുന്നു.