ship

പോർബന്തർ: ഗുജറാത്ത് തീരക്കടലിൽ ഒരു മാസത്തിനകം നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിൽ 600 കോടി രൂപയുടെ 86 കിലോ മയക്കുമരുന്നുമായി പാക് ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 14 പാക് പൗരന്മാരെ കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാവികസേനയും ഭീകര വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു. നാവികസേനയുടെ

കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. എൻ.സി.ബി, എ.ടി.എസ് സംഘമുണ്ടായിരുന്ന നാവികസേനയുടെ രാജ്‌രത്തൻ

കപ്പൽ സംശയാസ്‌പദമായ ബോട്ട് കണ്ടെത്തി. ബോട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന ബോട്ട് വളഞ്ഞ് അതിൽ കയറി മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

മാർച്ചിൽ ഗുജറാത്ത് തീരക്കടലിൽ 60 പാക്കറ്റ് മയക്കുമരുന്നുമായി പാക് ബോട്ട് പിടിച്ചെടുക്കുകയും. ആറ് പാക് ജീവനക്കാരെ പിടികൂടുകയും ചെയ്‌തിരുന്നു. കോസ്റ്റ് ഗാർഡ്, എൻ.സി.ബി, എ.ടി.എസ് എന്നിവ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു. ഫെബ്രുവരി 26 ന് പോർബന്തർ തീരത്ത് ചരസ് ഉൾപ്പെടെ 3,300 കിലോ മയക്കുമരുന്നുമായി അഞ്ച് വിദേശ പൗരന്മാരെ പിടികൂടിയിരുന്നു.

2 വർഷം 3 വലിയ ഓപ്പറേഷനുകൾ

 ഇന്ത്യൻ മഹാസമുദ്രത്തിൽ രണ്ട് വർഷത്തിനിടെ മൂന്ന് നേവി - എൻ.സി.ബി ഓപ്പറേഷനുകൾ

 2022 ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് കപ്പലിൽ നിന്ന് 221 കിലോ മെത്താംഫെറ്റാമൈൻ കണ്ടെടുത്തു

 2022 ഒക്ടോബറിൽ കേരള തീരത്തിനടുത്ത് കപ്പലിൽ നിന്ന് 200 കിലോ ഹെറോയിൻ പിടികൂടി

 കഴിഞ്ഞ മേയിൽ പാകിസ്ഥാൻ കപ്പലിൽ നിന്ന് 12,000 കോടിയുടെ 2500 കിലോ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു

മയക്കുമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കൈമാറുന്നത് തടഞ്ഞു