ആര്യനാട്: ഉഴമലയ്ക്കൽ അയ്യപ്പൻ കുഴിയിൽ പുതിയതായി നിർമ്മിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് കേബിൾ മോഷ്ടിച്ചതായി പരാതി. പേരൂർക്കട വഴയില ഐശ്വര്യ ഗാർഡൻസിൽ നന്ദനത്തിൽ ബി.രാജയുടെയും ഭാര്യ പി.എസ്. ഷൈനിയുടെയും ഉടമസ്ഥതയിലാണ് വീട് നിർമ്മിക്കുന്നത്. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ എലിയാവൂർ വാർഡിൽ കിഴങ്ങുവിളക്കുന്നിനും അയ്യപ്പൻ കുഴി ജംഗ്ഷനുമിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നവീട്ടിലാണ് മോഷണം. വീടിന്റെ മെയിൻ സ്വിച്ച് ബോക്സ് കുത്തിത്തുറന്ന് ഇലക്ട്രിക്ക് വയറുകൾ വലിച്ചെടുക്കുകയും പ്രധാന വാതിൽ പൊളിച്ച് അകത്തുകയറി ബാക്കിയുള്ള വയറുകൾ വലിച്ചെടുക്കുകയും പുറത്തേയ്ക്ക് വരാത്തവ മുറിച്ചെടുത്ത നിലയിലുമാണ് കണ്ടെത്തിയത്. 27ന് രാവിലെ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസിൽ പരാതി നൽകി.